സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നു

 

തിരുവനന്തപുരം: സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നുവെന്ന് സൂചന. കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായും പിൻമാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം.

സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനങ്ങളോടുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നും അഭ്യൂഹമുണ്ട്. പാർട്ടി നിർദ്ദേശിച്ചതനുസരിച്ച് നേതൃത്വത്തിലെ സുരേഷ് ഗോപിയോടു അടുപ്പമുള്ളവര്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന ഇവരുടെ ആവശ്യം സുരേഷ് ഗോപി നിരാകരിച്ചു. ഇനി ഒരു തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനോ പ്രവർത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് സൂചന.

തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുന്നതടക്കമുള്ള ഏത് തീരുമാനവുമാകാമെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും അഭ്യൂഹമുണ്ട്. കഴിവും പ്രവര്‍ത്തന പരിചയവുമുള്ളവരെ അകറ്റി നിര്‍ത്തുന്നത് പാര്‍ട്ടിയെ കേരളത്തില്‍ പിന്നോട്ടടിക്കുന്നുവെന്ന നിലപാടിലാണ് സുരേഷ് ഗോപി. എന്നാൽ നരേന്ദ്രമോഡിയോടുള്ള ആദരവ് എക്കാലവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തോട് യാത്ര പറയാന്‍ നാളെ ഡല്‍ഹിക്ക് മടങ്ങുന്ന താരം ബുധനാഴ്ച തിരിച്ചെത്തും.

ഇതിനിടെ ബിജെപിയിൽ നിന്നും സുരേഷ് ഗോപി വഴിപിരിയുന്ന വാർത്ത ഡൽഹിയിലടക്കം ചർച്ചയാകുന്നുണ്ട്. ആം ആദ്മി പാർട്ടിയുടെ ദേശീയ നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ താൻ വേറൊരു പാർട്ടി യിലേക്കും പോകുന്നില്ലായെന്നും , തൻ്റെ മകളുടെ പേരിലുള്ള ട്രസ്റ്റിൻ്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായി ഇനിയും പൊതുമണ്ഡലത്തിൽ കാണുമെന്നും അറിയിച്ചു. സിനിമകളില്‍ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page