കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോം നാളെ തുറക്കും
കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോം നാളെ തുറക്കും
കോട്ടയം: നവീകരണത്തിനു ശേഷം കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോം നാളെ തുറക്കും. ഇതോടെ കോട്ടയം വഴിയുള്ള ഇരട്ടപ്പാത പൂർണ്ണതോതിൽ യാഥാർത്ഥ്യമാകും. പ്ലാറ്റ്ഫോമിലേക്കുള്ള ലൈനുകൾ കണക്ട് ചെയ്തു കഴിഞ്ഞു. ട്രാക്കിൽ മെറ്റൽ നിറയ്ക്കുന്ന മെഷീൻ പാക്കിങ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ശേഷം ഇലക്ട്രിക്കൽ ലൈൻ, സിഗ്നൽ ജോലികളും കൂടി തീരുന്നതോടെ പ്ലാറ്റ്ഫോം തുറക്കാം. ഈ ജോലികൾ വേഗത്തിൽ നടക്കുന്നുണ്ട്.
തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ട്രെയിനുകളാകും പ്രധാനമായും ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തുക. എറണാകുളം ഭാഗത്തു നിന്നുള്ള വണ്ടികൾ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തും. 3 മുതൽ 5 വരെയുള്ള പ്ലാറ്റ്ഫോമുകൾ പാസഞ്ചർ ട്രെയിനുകൾ, കോട്ടയത്തു യാത്ര അവസാനിപ്പിക്കുന്നവ എന്നിവയ്ക്കായി മാറ്റിവയ്ക്കും. ഒന്നാം പ്ലാറ്റ്ഫോം കൂടി തുറക്കുന്നതോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെ 5 പ്ലാറ്റ്ഫോമുകളും പ്രവർത്തന സജ്ജമാകും. മുട്ടമ്പലത്തു നിന്നു തടസ്സം കൂടാതെ ട്രെയിനുകൾ കോട്ടയം സ്റ്റേഷനിലേക്കു കടന്നു വരും.
തുരങ്കം ഒഴിവാക്കി പുതിയ പാത വന്നപ്പോൾ മുട്ടമ്പലം ഭാഗത്തേക്കു കോട്ടയം സ്റ്റേഷനിൽ നിന്നു ചെറിയ വളവു തിരിഞ്ഞാണ് ലൈൻ പോകുന്നത്. ഇതിനായി ഒന്നാം പ്ലാറ്റ്ഫോമിന്റെ മുട്ടമ്പലം ഭാഗത്തേക്കുള്ള വശം കുറച്ചു പൊളിച്ചു നീക്കി. ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കുള്ള ലൈനും ഇതിന് അനുസരിച്ചു മുറിച്ചു മാറ്റിയിരുന്നു.
1 എ പ്ലാറ്റ്ഫോമിലേക്കുള്ള 300 മീറ്റർ ലൈൻ ഇടുന്ന ജോലികളാണു കോട്ടയത്തു തീരാൻ ബാക്കിയുള്ളത്. എറണാകുളം ഭാഗത്തേക്കുള്ള മെമു, പാസഞ്ചർ ട്രെയിനുകൾക്കു വേണ്ടിയാണ് 325 മീറ്റർ നീളമുള്ള ഈ പ്ലാറ്റ്ഫോം നിർമ്മിക്കുന്നത്. 20ന് മുൻപ് ഇതിന്റെ ജോലികൾ തീരും. ഇതിനൊപ്പം ഗുഡ്സ് നിർത്താൻ ഉപയോഗിക്കുന്ന ട്രാക്കിനു സമീപത്തെ പ്ലാറ്റ്ഫോം 620 മീറ്ററായി നീട്ടുന്ന ജോലികളും നടക്കുന്നു. ഇതും 20നു മുൻപായി പൂർത്തിയാകും. ഇതോടെ ഗുഡ്സ് ട്രെയിൻ മുഴുവനായി നിർത്തിയിട്ടു സാധനങ്ങൾ ഇറക്കാം. നിലവിൽ വലിയ ഗുഡ്സ് വാഗണുകൾ രണ്ടായി മുറിച്ചാണു സാധനങ്ങൾ ഇറക്കുന്നത്