മിനി സിവിൽസ്റ്റേഷനിൽ പാർക്കിങ്ങിന് നിയന്ത്രണം
പൊൻകുന്നം – മിനി സിവിൽ സ്റ്റേഷനിലെ അനധികൃത പാർക്കിങ്ങിന് നടപടിയുമായി അധികൃതർ. രാവിലെ ഒൻപതു മുതൽ വൈകീട്ട് 5.30-വരെ മാത്രം പ്രധാന കവാടങ്ങൾ തുറന്നിട്ടാൽ മതിയെന്നാണ് തീരുമാനം. വിവിധ ഓഫീസുകളിലെ ജീവനക്കാരുടെയും അവിടെയെത്തുന്ന ജനങ്ങളുടെയും വാഹന പാർക്കിങ്ങിനാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സൗകര്യമൊരുക്കിയിരുന്നത്.
എന്നാൽ മറ്റ് ആവശ്യങ്ങൾക്ക് എത്തുന്നവരും പൊൻകുന്നത്തെത്തി പതിവായി ബസിൽ യാത്രചെയ്യുന്നവരും അവരുടെ വാഹനങ്ങൾ സിവിൽ സ്റ്റേഷൻ വളപ്പിൽ ഇടുന്നുണ്ട്. പുലർച്ചെ മുതൽ ഇവർ പാർക്കിങ് ഇടം കൈയടക്കുന്നതിനാൽ ജീവനക്കാരുടെ പാർക്കിങ് സാധിക്കുന്നില്ലെന്നും ഓഫീസുകളിലെത്തുന്ന ജനങ്ങൾ റോഡിൽ വാഹനങ്ങൾ നിർത്തേണ്ടിവരുന്നുവെന്നാണ് ആക്ഷേപം. വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് കവാടം തുറക്കുന്നതിനും അടയ്ക്കുന്നതിനും സമയം നിശ്ചയിച്ചത്.