പ്രവാചക നിന്ദ : മുണ്ടക്കയത്ത് പ്രതിഷേധ റാലി നടത്തി

മുണ്ടക്കയം. പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരെ മുണ്ടക്കയം മേഖല മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടന്നു . മുണ്ടക്കയം പുത്തൻചന്ത മൈതാനിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗൺ ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു. പുത്തൻചന്ത മൈതാനിയിൽ നിന്നും കൂട്ടിക്കൽ ചീഫ് ഇമാം പി.കെ സുബൈർ മൗലവിയുടെ പ്രാർത്ഥനയോടെ യാണ് റാലി ആരംഭിച്ചത്.
ശക്തമായ മഴയെ അവഗണിച്ചും ആവേശത്തോടെ വിശ്വാസികൾ റാലിയിൽ അണിനിരന്നത് സംഘാടകർക്കും ആവേശമായി. സംഘാടകർ മുൻകൂട്ടി തയ്യാറാക്കിയ മുദ്രാവാക്യങ്ങൾ ചിട്ടയോടെ ഏറ്റുപറഞ്ഞു അച്ചടക്കത്തോടെ നടത്തിയ റാലി, മുണ്ടക്കയത്തിനു പുതിയൊരു അനുഭവമായി മാറി.

കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിൽ മതവിദ്വേഷം ഉണ്ടാക്കി കലാപത്തിന് കോപ്പ് കൂട്ടാനുള്ള ശ്രമമാണ് കേന്ദ്ര ഭരണത്തിന്റെ മറവിൽ ഫാസിസ്റ്റ് ഭരണകൂടം ചെയ്യുന്നതെന്ന് ഷംസുദ്ദീൻ മന്നാനി പറഞ്ഞു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണഘടന നമുക്ക് നൽകുന്ന സ്വാതന്ത്ര്യമാണ് മതവിശ്വാസം. എന്നിരിക്കെ മതവിശ്വാസം വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയെ വെല്ലുവിളിച്ചുകൊണ്ട് ഇത്തരം പ്രസ്താവനകൾ ഇറക്കുന്നവരെ തുറങ്കിൽ അടക്കാൻ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുണ്ടക്കയം മേഖലയിലെ പതിനെട്ടോളം മഹല്ലുകളിൽ നിന്നുള്ള ഭാരവാഹികളും ഇമാമീങ്ങളും വിശ്വാസികളും റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page