മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധന പ്രഹസനമാണെന്ന് ആക്ഷേപമുയരുന്നു
മുണ്ടക്കയം: മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിൽ മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധന പ്രഹസനമാണെന്ന് ആക്ഷേപമുയരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുണ്ടക്കയം ടൗണിൽനിന്നും വീട്ടമ്മ വാങ്ങിയ ചൂര മീനിൽ പുഴുവിനെ കണ്ടെത്തിയ സംഭവം ഉണ്ടായത്. അന്ന് തന്നെ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസറെ വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ പരിശോധന നടത്തുന്നത് വ്യാഴാഴ്ചയാണ്. ഇതുകൊണ്ടുതന്നെ വ്യാപാരികൾക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ എടുക്കുന്നതിന് സമയം ലഭിച്ചു എന്നും പറയപ്പെടുന്നു. കാലങ്ങളായി മുണ്ടക്കയം മേഖലയിൽ പഴയ മത്സ്യങ്ങൾ വിറ്റഴിക്കുന്നതായി പരാതിയുണ്ടായിരുന്നു. എന്നാൽ സംസ്ഥാനവ്യാപകമായി പരിശോധനകൾ നടന്നിട്ടും മുണ്ടക്കയം മേഖലയിൽ നാളിതുവരെയായി പരിശോധനകൾ നടത്തിയിരുന്നില്ല എന്നും പരാതി ഉണ്ടായിരുന്നു.