കണമല-മൂക്കംപെട്ടി-എയ്ഞ്ചൽവാലിയിൽ മൂക്കൻപെട്ടിയിൽ പുതിയ പാലത്തിന് രൂപരേഖയായി

 

എരുമേലി : കണമല-മൂക്കംപെട്ടി-എയ്ഞ്ചൽവാലി റോഡിൽ അഴുതയാറിന് കുറുകെ നിലവിലുള്ള കോസ് വേയ്ക്ക് പകരം പുതിയ പാലം നിർമിക്കുന്നതിന് വിശദമായ രൂപരേഖ സഹിതം ഡിപിആർ തയ്യാറാക്കിയതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. നിലവിലുള്ള കോസ്‌വേ ഉയരം കുറഞ്ഞതും കുറഞ്ഞ സ്പാനോടുകൂടി ഉള്ളതും ആയതിനാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ എല്ലാ പ്രളയത്തിലും പാലം മൂടി പോവുകയും, അപ്രോച്ച് റോഡുകൾ തകരുകയും, ദിവസങ്ങളോളം ഗതാഗതസ്തംഭനം ഉണ്ടാവുകയും, തൽഫലമായി എയ്ഞ്ചൽവാലി ഗ്രാമം ഒറ്റപ്പെട്ടു പോവുകയും ചെയ്തു. 2018 ലെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റനെ വരെ ആശ്രയിക്കേണ്ട സ്ഥിതിയും ഉണ്ടായി. ഈ സാഹചര്യത്തിൽ ഇതിന് ശാശ്വത പരിഹാരം പുതിയ പാലം നിർമ്മിക്കുക മാത്രമായതിനാൽ ഉയരം കൂട്ടി സ്പാൻ വർധിപ്പിച്ച് പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകിയതിനെ തുടർന്ന് പുതിയ പാലം നിർമ്മിക്കുന്നതിന് ഇൻവെസ്റ്റിഗേഷൻ നടത്തി രൂപരേഖയും ഡിസൈനും തയ്യാറാക്കി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകുകയും, ഇതിനായി 3.60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇതുപ്രകാരം വിശദമായ ഇൻവെസ്റ്റിഗേഷൻ നടത്തി രൂപരേഖ അന്തിമമാക്കിയതായും എംഎൽഎ അറിയിച്ചു. ഇനി ഇത് സംബന്ധമായ വിശദാംശങ്ങൾ പൊതുമരാമത്ത് ഡിസൈൻ വിങ്ങിന് നൽകി ഡി പി ആർ അന്തിമമാക്കും. ഇത് പ്രകാരം നിലവിലുള്ള കോസ് വേയിൽ നിന്നും നിന്നും ഏകദേശം 50 മീറ്റർ പടിഞ്ഞാറ് മാറി നിലവിലുള്ള കോസ് വേയേക്കാൾ ഏകദേശം മൂന്ന് മീറ്റർ ഉയർത്തി ആണ് പുതിയ പാലം നിർമിക്കുന്നതിന് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. നിലവിലുള്ള കോസ് വേയിലൂടെ വെള്ളം ഒഴുകി പോകുന്നതിന് ഉള്ള വ്യാസം 22 മീറ്റർ ആണെങ്കിൽ പുതിയ രൂപരേഖയിൽ 52 മീറ്റർ വ്യാസത്തോടുകൂടിയാണ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ ഏകദേശം 8 കോടി രൂപ പുതിയ പാലത്തിന്റെ നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നതായും എംഎൽഎ കൂട്ടിച്ചേർത്തു. ഇതു സംബന്ധമായി പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥരോടും, പ്രാദേശിക ജനപ്രതിനിധികളും ഒപ്പം സ്ഥലം സന്ദർശിച്ച് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു. സന്ദർശനത്തിൽ എംഎൽഎ യോടൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്ജുകുട്ടി വാർഡ് മെമ്പർമാരായ സനില രാജൻ, മറിയാമ്മ സണ്ണി, മാത്യു ജോസഫ് എന്നിവരും കൂടാതെ പൊതുപ്രവർത്തകരായസിബി കൊറ്റനെല്ലൂർ, സോമൻ തെരുവത്തിൽ, ടോം വർഗീസ് കാലാപ്പറമ്പിൽ, റ്റി.എം ബേബി കണ്ടത്തിൽ, ലിൻസ് വടക്കേൽ,സോണി കറ്റോട്ട്, ജോഷി പന്തല്ലൂപ്പറപ്പിൽ, ലിജോ പുളിക്കൽ, ഷാജി മുക്കാലിപ്ലാക്കൽ, സോജി വളയത്ത്, എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page