എരുമേലിയിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചു വിറ്റതായി പരാതി
എരുമേലി : റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് വിറ്റെന്ന് പരാതി. എരുമേലിയിൽ ടൗണിന് സമീപം പാത്തിക്കക്കാവ് റോഡിൽ നിന്നാണ് ബസ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതി. വില്പന നടത്തിയത് സംബന്ധിച്ച് തെളിവുകൾ സിസി ക്യാമറയിൽ ലഭിച്ചതായി സൂചന. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് പോലിസ് അന്വേഷണം ആരംഭിച്ചു. രണ്ട് ആഴ്ച മുമ്പാണ് സംഭവം. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി കരോട്ടുവീട്ടിൽ ആഷിക് ആണ് പരാതി നൽകിയത്. തൊടുപുഴ യാത്ര മോട്ടോഴ്സ് ഉടമയിൽ നിന്നും താൻ വാങ്ങിയ ബസ് എരുമേലിയിൽ പാർക്ക് ചെയ്തിട്ട ശേഷം കാണാതായതെന്ന് പരാതിയിൽ പറയുന്നു. കൊട്ടിയം എന്ന സ്ഥലത്ത് ഈ ബസ് വില്പന നടത്തിയെന്നാണ് സ്ഥാപനത്തിലെ സി സി ക്യാമറ ദൃശ്യത്തിൽ അറിഞ്ഞതെന്ന് ആഷിക് പറഞ്ഞു. എന്നാൽ സംഭവം മോഷണം ആണോ വില്പന ആണോ എന്ന് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എരുമേലി പോലിസ് അറിയിച്ചു. ബസ് വില്പന നടത്തിയതായി ക്യാമറ ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. ദൃശ്യങ്ങളിൽ കണ്ട രണ്ട് പേരെ തിരിച്ചറിഞ്ഞെന്നും ഇവർ പോലിസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. മോട്ടോർ വാഹന വകുപ്പിൽ ഹാജരാക്കി ടെസ്റ്റ് നടത്താൻ വേണ്ടിയാണ് എരുമേലിയിൽ ബസ് പാർക്ക് ചെയ്തതെന്നും ഒരാൾ വാടകക്ക് ബസ് ആവശ്യപ്പെട്ടതു കൊണ്ടാണ് എരുമേലിയിൽ ബസ് എത്തിച്ചതെന്നും എന്നാൽ ബസ് ആവശ്യപ്പെട്ടയാൾ വേണ്ടെന്ന് വെച്ചതിനാൽ ടെസ്റ്റിംഗ് നടത്താൻ വേണ്ടി എരുമേലിയിൽ ബസ് പാർക്ക് ചെയ്തിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. താൻ കെട്ടിട നിർമാണ ജോലിയുടെ ആവശ്യപ്രകാരം ഗുജറാത്തിൽ പോയി മടങ്ങി വന്നപ്പോഴാണ് ബസ് കാണാതായതെന്ന് ആഷിക്കിന്റെ പരാതിയിൽ പറയുന്നു.
കടപ്പാട് :ന്യൂസ് എരുമേലി