മുൻ എംഎൽഎ പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
കൊച്ചി:വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിൽ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എറണാകുളം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പൊലീസ് അറസ്റ്റിനായി അന്വേഷണം ശക്തിമാക്കിയതിനിടെയാണ് പി.സി.ജോർജ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ മുതലെടുപ്പാണ് കേസിന് അടിസ്ഥാനമെന്നാണ് പി.സി.ജോർജിന്റെ വാദം. വെണ്ണല പ്രസംഗം തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്നു കേട്ടിരുന്നു. വിദ്വേഷ പ്രസംഗത്തിൽ പി.സി.ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജിയുടെ ഭാഗമായാണ് കോടതി നടപടി. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തിൽ ജാമ്യം നേടിയ ശേഷവും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് എത്തിയ പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ജോർജിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പി.സി. ജോർജ് ഒളിവിലാണ് എന്നു കഴിഞ്ഞ ദിവസം പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, താൻ നിയമത്തിൽനിന്നും ഓടിയൊളിക്കില്ലെന്നാണ് ജോർജ് ഇപ്പോൾ ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്.