1526 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്ത സംഭവം. സംഘത്തിൽ നാല് മലയാളികളും

കൊച്ചി:  അഗത്തിക്ക് സമീപം നടന്ന വൻ  ലഹരിവേട്ടയിൽ നാല് മലയാളികളും പിടിയിൽ. 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.

ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് നീക്കം നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡിആർഐയും കോസ്റ്റ്ഗാർഡും ചേർന്ന് തിരച്ചിൽ നടത്തിയത്. രണ്ട് ബോട്ടുകളും കുളച്ചലിൽ നിന്നെത്തിയവയാണ്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിൻ. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ കപ്പലിൽ നിന്നാണ് ബോട്ടുകളിൽ മയക്കുമരുന്ന് ഇറക്കിയതെന്നാണ് സൂചനകൾ. തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.

ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനിൽ നിന്നെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ അറിയിച്ചു, അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ ആണിത്, കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിൻറെ ലക്ഷ്യമെന്ന് സൂചന.

ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരിൽ നാല് മലയാളികളും ഉൾപ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവർ കുളച്ചൽ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page