സുരക്ഷാ ഭീഷണി എരുമേലിയിൽ ആകെയുള്ള 47 ൽ 37 അംഗൻവാടികൾക്കും പൂട്ടുവീണു
സുരക്ഷാ ഭീഷണി എരുമേലിയിൽ 37 അംഗൻവാടികൾ പൂട്ടുവീണു
എരുമേലി : പഞ്ചായത്ത് പരിധിയിലെ മൊത്തം 47 അംഗൻവാടികളിൽ 37 എണ്ണം സുരക്ഷിതമല്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതേതുടർന്ന് ഇത്രയും അംഗൻവാടികളിൽ ഇന്നലെ മുതൽ അധ്യയനം നിർത്തിവെച്ചു. ഈ അംഗൻവാടികളിൽ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റ് സുരക്ഷിത കെട്ടിടങ്ങൾ ഉടന്‍ കണ്ടെത്തി മാറ്റി പ്രവര്‍ത്തിപ്പിക്കേണ്ടി വരും.
അതേസമയം ഫിറ്റ്നസ് ഉള്ള പത്ത് അംഗൻവാടികളിലും പോരായ്മകളുണ്ടെന്ന് ആക്ഷേപം ഉയർന്നിട്ടുമുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്ത 37 അംഗൻവാടികളിൽ അധ്യയനം മാത്രമാണ് നിർത്തി വെച്ചിരിക്കുന്നതെന്നും മറ്റ് സേവനങ്ങൾ ലഭ്യമാണെന്നും ഐസിഡിഎസ് ഓഫിസർ ഷീല പറഞ്ഞു. ഈ വർഷം പത്ത് അംഗൻവാടികളിൽ രണ്ടര ലക്ഷം രൂപ വീതം ചെലവിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഈ അംഗൻവാടികളിലും സുരക്ഷ ഇല്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അസി. എഞ്ചിനീയർ അഖിലിന്റെ നേതൃത്വത്തിൽ നടത്തിയ ഫിറ്റ്നസ് പരിശോധനയിലാണ് അംഗൻവാടികളിൽ മിക്കതിനും സുരക്ഷാ പോരായ്മകൾ ഉണ്ടെന്ന് കണ്ടെത്തിയത്.
ഊർജിത ശിശു ക്ഷേമ വികസന വകുപ്പിൽ നിന്നുള്ള നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞയിടെ കോട്ടയം വൈക്കം കായിക്കരയില്‍ അംഗന്‍വാടി കെട്ടിടം തകര്‍ന്നുവീണ് മൂന്നര വയസുകാരന് പരിക്കേറ്റ സംഭവത്തെ തുടർന്ന് ജില്ലയിലെ അംഗൻവാടികളിൽ സുരക്ഷ ഉറപ്പാക്കാൻ പരിശോധനക്ക് നിർദേശം നൽകിയിരുന്നു. സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളുടേയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 10 ദിവസത്തിനകം ഹാജരാക്കാന്‍ ഡയറക്ടര്‍ വനിത ശിശുവികസന വകുപ്പ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സി.ഡി.പി.ഒമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി എരുമേലിയിൽ അംഗൻവാടി കെട്ടിടങ്ങളുടെ ഫിറ്റ്നസ് ചെക്കിങ്ങും പ്രധാനപ്പെട്ട എട്ട് സുരക്ഷാ കാര്യങ്ങൾ ഉണ്ടോയെന്നും പരിശോധിച്ചെന്ന് പഞ്ചായത്ത് അസി. എഞ്ചിനീയർ അഖിൽ പറഞ്ഞു.
കെട്ടിടങ്ങളും ഒപ്പം പരിസരവും പരിശോധിച്ചു. കനകപ്പലം വാർഡിലുള്ള അംഗൻവാടിയുടെ മേൽക്കൂര ചോർന്നൊലിക്കുന്നതാണെന്നും പൊരിയന്മല വാർഡിലെ അംഗൻവാടിയുടെ കിണറിന് ചുറ്റുമറ ഇല്ലെന്നും ഉൾപ്പടെ എല്ലാ അംഗൻവാടികളുടെയും വിശദമായ പരിശോധനാ റിപ്പോർട്ട് ആണ് സമർപ്പിച്ചതെന്ന് അസി. എഞ്ചിനീയർ വ്യക്തമാക്കി. ചില അംഗൻവാടികളുടെ മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്റുകളും ടിൻ ഷീറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം അംഗൻവാടികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നാണ് നിർദേശം. കോൺക്രീറ്റ് മേൽക്കൂരയോടെ പുതിയതായി നിർമിച്ച അംഗൻവാടികളിൽ കെട്ടിടം സുരക്ഷിതമാണെങ്കിലും ചിലയിടത്ത് പരിസരങ്ങളിൽ അപകട സ്ഥിതിയിലായ മരങ്ങളുണ്ട്. മറ്റ് ചില അംഗൻവാടികളിൽ പരിസരം പൊന്തക്കാടുകൾ മൂലം ഇഴജന്തുക്കളുടെ സാന്നിധ്യമുണ്ട്. കക്കൂസിന് മറയും വാതിലും ഇല്ലാത്ത അംഗൻവാടിയുമുണ്ട്. ചില അംഗൻവാടികൾക്കുള്ളിൽ കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സ്ഥലമില്ലന്നും പരിശോധനാ റിപ്പോർട്ടിൽ പറയുന്നു.
(credit. newserumely)