സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
കൊച്ചി :സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെ എസ്ഇബി അറിയിച്ചു. 6.30 മുതൽ 11.30 വരെയുള്ള സമയത്തിനിടെയായിരിക്കും നിയന്ത്രണം. നഗരപ്രദേശങ്ങളിലും അവശ്യസേവന സ്ഥലങ്ങളിലും നിയന്ത്രണം ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് നിലനിൽക്കുന്ന കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദനം കുറഞ്ഞതാണ് നിയന്ത്രണത്തിന് കാരണമായത്. നിയന്ത്രണം രണ്ടു ദിവസത്തേക്ക് നീണ്ടേക്കുമെന്നും സൂചനയുണ്ട്.
ഇന്ന് 4,500 മെഗാവാട്ട് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇതിൽ 135 മെഗാവാട്ടിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതാണ് നിയന്ത്രണത്തിലേക്ക് പോകാൻ കാരണമായത്.
വൈദ്യുതി ലഭ്യത കുറഞ്ഞതോടെ മറ്റ് ചില സംസ്ഥാനങ്ങൾ ദിവസം ഒരു മണിക്കൂർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്.