കൂരോപ്പടയിൽ നിന്നും കാണാതായ പെൺകുട്ടിയെ അടുത്ത വീട്ടിലെ കട്ടിലിനടിയിൽ നിന്നും കണ്ടെത്തി
കൂരോപ്പട: അപ്രത്യക്ഷയായ അതുല്യയെ അയൽവക്കത്തെ വിട്ടിലെ കട്ടിലിൻ്റെ താഴെ കണ്ടെത്തി. അയൽവാസിയായ ഐരുമല സോമൻ്റെ വീട്ടിലെ കട്ടിലിൻ്റെഅടിയിൽ കിടക്കുകയായിരുന്നു അതുല്യ. ബുധനാഴ്ച വൈകിട്ട് 7നാണ് സോമൻ്റെ ഭാര്യ രാധ അടുത്ത മുറിയിലെ കട്ടിലിൻ്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് നോക്കുമ്പോഴാണ് അതുല്യയെ കണ്ടെത്തിയത്. അതുല്യ ഒളിച്ചിരുന്ന മുറി സോമൻ്റെ മകളാണ് വീട്ടിൽ എത്തുമ്പോൾ ഉപയോഗിച്ചിരുന്നത്.
സോമൻ്റെ മകൾ കറുകച്ചാലിൽ ഭർത്താവിൻ്റെ വീട്ടിലായിരുന്നു. ബുധനാഴ്ച രാവിലെ സോമനും ഭാര്യയും കോട്ടയം മെഡിക്കൽ കോളജിൽ പോയി വൈകുന്നേരം 5.30നാണ് തിരിച്ചെത്തിയത്. ഇന്നലെ വൈകുന്നേരം 5.30 ന് വീടിനുള്ളിൽ കയറി ഒളിച്ചതായാണ് അതുല്യ പൊലീസിനോട് പറഞ്ഞത്. തുടർന്ന് പോലീസ് വൈദ്യ പരിശോധനകൾക്കായി പാമ്പാടി ആശുപത്രിയിൽ എത്തിച്ചു.
കൂരോപ്പട മാതൃമല താമസിക്കുന്ന കൃഷ്ണൻകുട്ടിയുടെ പേരക്കുട്ടിയായ അതുല്യ (14) യെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മുതലാണ് കാണാതായത്. ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അതുല്യ വീട്ടിൽ നിന്നും അയൽ വീടുകളിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് എത്തുകയും മടങ്ങുകയും ചെയ്തു. തുടർന്നാണ് അതുല്യയെ കാണാതായത്. രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ പാമ്പാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും വീട്ടുകാരും നാട്ടുകാരും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
മാതൃമലയും പരിസര പ്രദേശങ്ങളും നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച വീണ്ടും തിരച്ചിൽ നടത്തി. ഡോഗ് സ്ക്വാഡ് എത്തി തിരച്ചിലിന് ആക്കം കൂട്ടി. തോണക്കര ഭാഗത്ത് വരെ പൊലിസ് നായ മണം പിടിച്ച് എത്തി. തുടർന്ന് അവിടെയും വിശദമായ തിരച്ചിൽ നടത്തി. കൂരോപ്പട, പാമ്പാടി എന്നിവിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. അതുല്യ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ വീട്ടിൽ കണ്ടെത്തി. പണവും വീട്ടിൽ നിന്ന് നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, എസ്.ഐ ലെബിമോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സജീവമായ അന്വേഷണത്തിലായിരുന്നു. ജനപ്രതിനിധികളായ റ്റി.എം ജോർജ്, ഗോപി ഉല്ലാസ്, ഷീലാ മാത്യൂ, അനിൽ കുരോപ്പട, സി.പി.എം ലോക്കൽ സെക്രട്ടറി ഇ.എസ് വിനോദ് , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സാബു.സി കുര്യൻ തുടങ്ങിയവർ തിരച്ചിലിന് നേതൃത്വം നൽകി