പൈകയിൽ സംശയ രോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേല്പിച്ച ഭാര്യ മരിച്ചു
കോട്ടയം: സംശയ രോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപ്പരിക്കേല്പിച്ച ഭാര്യ മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഗുരുതരാവസ്ഥയിലായ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് ആണ് ആക്രമിച്ചത്.ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംഭവം. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് സിനിയുടെ മരണ കാരണം. കറിക്കത്തി ഉപയോഗിച്ചാണ് ബിനോയ്, സിനിയുടെ കഴുത്തിൽ കുത്തിയത്. വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടർന്ന് സിനിയുമായി തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കൊലപാതകം നടക്കുന്നത്. സിനിയുടെ നിലവിളി കേട്ടെത്തിയ മക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പോലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ നിൽക്കുകയായിരുന്നു.