ഈരാറ്റുപേട്ട മീനിച്ചിലാറ്റിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.
ഈരാറ്റുപേട്ട: മീനിച്ചിലാറ്റിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ പാലത്തിനടിയിൽ ഇന്നു രാവിലെയോടെയാണ് മൃതദേഹം കണ്ടത്. തിടനാട് കൂലിപ്പണി ചെയ്ത് താമസിക്കുന്ന ‘അടൂർ പിള്ള’ എന്നറിയപ്പെടുന്ന അടൂർ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലൻ നായർ (77) ആണ് മരിച്ചത്.
ഇടതു കൈയും കാലുകളും ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും അവർ നന്മക്കൂട്ടം പ്രവർത്തകരെ അറിയിക്കുകയും ചെയ്തു. തുടർന്ന് നന്മക്കൂട്ടം പ്രവർത്തകൻ അഷ്റഫ് കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കരയ്ക്കു കയറ്റിയത്.
പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി തിടനാട് സിഐ ബിജു സെബാസ്റ്റ്യൻ പറഞ്ഞു. 20ഓളം വർഷമായി തിടനാട് കൂലിപ്പണി ചെയ്തു വരുന്ന ഇയാൾ ഇവിടെയൊരു മുറിയെടുത്താണ് താമസം. രണ്ടര വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ഒരാഴ്ച മുമ്പ് തിടനാട്ടിലേക്ക് തിരികെയെത്തി.
ഇന്നലെ രാത്രിയും ഇയാളെ അരുവിത്തുറ പള്ളിക്ക് സമീപം വച്ച് കണ്ടതായി ചിലർ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞമാസം 23നാണ് ഇയാളെ നാട്ടിൽ നിന്നും കാണാതാവുന്നത്. തുടർന്ന് വീട്ടുകാരുടെ പരാതിയിൽ 28ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടക്കവെയാണ് ഇന്ന് രാവിലെ മീനച്ചിലാറ്റിൽ മൃതദേഹം കണ്ടെത്തിയത്.
വലതു കൈ വെറുതെ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത് എന്നതിനാലാണ് ആത്മഹത്യയാണെന്ന് സംശയിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വലതു കൈ കൊണ്ട് കാലുകളും ഇടതു കൈയും മുണ്ടും വള്ളിയും ഉപയോഗിച്ച് ചേർത്ത് കെട്ടിയ ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു എന്നാണ് കരുതുന്നത്.
വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിരുന്നതായും പൊലീസ് പറയുന്നു. തന്റെ മൃതദേഹം ആരെയും കാണിക്കരുത് എന്നായിരുന്നു ഇതിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ആറിന്റെ കരയിൽ തുണിയും മറ്റും പ്ലാസ്റ്റിക് കവറിലാക്കി വച്ച നിലയിൽ കണ്ടെത്തി. ഇതിലുണ്ടായിരുന്ന മണി ഓർഡർ രേഖയിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. തുടർന്ന് തിടനാട്ടിലെ ആളുകളെ വിളിച്ചുവരുത്തി ഉറപ്പിച്ചു. ഭാര്യയും ഒരു മകളുമാണുള്ളത്.
മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോവും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.