ജസ്നയുടെ തിരോധാനത്തിന് പിന്നിൽ അന്തർസംസ്ഥാന കണ്ണികൾ
തിരുവനന്തപുരം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നോട്ടീസ് പുറത്ത് വിട്ട് സിബിഐ. 2018 മാർച്ച് മുതലാണ് പത്തനംതിട്ടയിൽ നിന്നും ജെസ്നയെ(23) കാണാതാകുന്നത്. കേസിലേക്ക് സഹായകരമായ വിവരങ്ങൾ എന്തെങ്കിലും ലഭിച്ചാൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസിൽ സിബിഐ പറയുന്നു. ജസ്നയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങളും വിവരങ്ങളും ഉള്കൊള്ളിച്ചുകൊണ്ടാണ് നോട്ടീസ്.
‘ഉയരം 149 സെന്റീമീറ്റർ, മെലിഞ്ഞ ശരീരം, വെളുത്ത നിറം, ചുരുണ്ട മുടി, നെറ്റിയുടെ വലതു വശത്ത് കാക്കപ്പുള്ളി, കണ്ണടയും പല്ലിൽ കമ്പിയും’ ഇതാണ് ജെസ്നയെ കുറിച്ചുള്ള വിശദാംശങ്ങൾ. നേരത്തെ കേസിൽ സിബിഐ എഫ് ഐ ആർ രജിസ്റ്റർ ചെയ്തെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു. ജെസ്ന ജീവനോടെയുണ്ടെന്ന സംശയമാണ് എഫ് ഐ ആർ മുമ്പോട്ട് വയ്ക്കുന്നത്.തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികൾ കോർത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം പുരോഗമിക്കുന്നതിനാലും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ അഡീഷണൽ റിപ്പോർട്ടായി മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കും.