സമരത്തിൽ മാറ്റമില്ല. ഇന്ന് അർദ്ധരാത്രി മുതൽ സ്വകാര്യ ബസ് പണിമുടക്ക്
സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകൾ
കോട്ടയം :നിരക്ക് വർധന നടപ്പാക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഇന്ന് അർധരാത്രി മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സ്വകാര്യ ബസ് പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് ബസുടമകളുടെ സംഘടന അറിയിച്ചു. മാസങ്ങളായി നിരക്ക് വർധന നടപ്പിൽ വരുത്തുമെന്ന വാഗ്ദാനം സർക്കാർ നൽകുന്നുണ്ട്. എന്നാൽ തീരുമാനമായിട്ടില്ല
ബസുകൾ എല്ലാം ഓടണമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അതിനുള്ള പശ്ചാത്തലം ഒരുക്കിത്തരുന്നില്ലെന്നും ബസുടമകൾ ആരോപിച്ചു. ഇന്ധന വില അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ നിരക്ക് വർധന കൂടാതെ പിടിച്ചുനിൽകാൻ കഴിയില്ലെന്നും ബസുടമകൾ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം നിരക്ക് വർധന സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തിലും ഉണ്ടായില്ല. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് ബസ് നിരക്ക് പുതുക്കാൻ സർക്കാർ നിശ്ചയിച്ചിരുന്നു. ബസ് ചാർജ് വർധനവ് അനിവാര്യതയാണ് ഗതാഗതമന്ത്രി ആന്റണി രാജുവും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയാണ് വൈകുന്നത്.
സ്വകാര്യ ബസ് സമരം നേരിടാൻ കെ എസ് ആർടിസി കൂടുതൽ സർവീസുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ ബസ് സർവീസുകളെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തേക്ക് സ്പെഷൽ സർവീസുകൾ നടത്തും.