ഇരുപത്താറാം മൈലില്‍ പുതിയ പാലത്തിന് 2.75 കോടി രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഇരുപത്താറാം മൈലില്‍ പുതിയ പാലത്തിന് 2.75 കോടി രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-എരുമേലി സംസ്ഥാനപാതയിലെ ഏറ്റവും പ്രധാനപ്പെട്ട പാലവും, സമീപ നാളിൽ പ്രളയത്തിൽ തകരാറിലാവുകയും ചെയ്ത ഇരുപത്തിയാറാം മൈലിലെ നിലവിലുള്ള പാലത്തിനു പകരം പുതിയ പാലം പണിയുന്നതിന് 2 കോടി 73 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
നിലവിലുള്ള പാലത്തേക്കാൾ നീളവും വീതിയും ഉയരവും വർധിപ്പിച്ചാണ് പുതിയ പാലം പണിയുന്നത്. ഇരു സൈഡിലും കാൽനടയാത്രക്കാർക്ക് ഫുട്പാത്ത് സൌകര്യം ഉൾപ്പെടെ ആകെ 11 മീറ്റര്‍ വീതിയില്‍ പണിയുന്ന പുതിയ പാലത്തില്‍ 7.5 മീറ്റര്‍ വാഹന ഗതാഗതത്തിനു മാത്രമായി നിജപ്പെടുത്തും . 16 മീറ്റർ ആയിരിയ്ക്കും പുതിയ പാലത്തിന്റെ നീളം. കൂടാതെ നിലവിലുള്ള പാലത്തേക്കാളും ഏകദേശം രണ്ട് മീറ്റർ ഉയർത്തിയായിരിക്കും പുതിയ പാലം പണിയുക. അതിനനുസൃതമായി അപ്രോച്ച് റോഡും ഉയർത്തും. 55 വർഷത്തിലധികം പഴക്കമുള്ള നിലവിലുള്ള പാലം 2021 ലെ പ്രളയത്തിൽ തകരാറിലാവുകയും വാഹന ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. മുന്‍പ് 2018-ലെ പ്രളയത്തിലും പാലത്തിന് ബലക്ഷയം സംഭവിക്കുകയും അറ്റകുറ്റ പണികള്‍ നടത്തി പാലം ഗതാഗത യോഗ്യമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും അധികം കാലദൈർഘ്യം നിലവിലുള്ള പാലം ഉപയോഗിക്കാൻ കഴിയില്ല എന്നുള്ളതിനാലാണ് പുതിയ പാലത്തിന് ഫണ്ട് അനുവദിപ്പിച്ചത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ശബരിമല തീർഥാടകർ ഉൾപ്പെടെ നിത്യേന നൂറുകണക്കിന് വാഹനങ്ങൾ സഞ്ചരിക്കേണ്ട സംസ്ഥാന പാതയിൽ പുതിയ പാലം വളരെ അത്യാവശ്യമായിരുന്നു. നിർദ്ദിഷ്ഠ ശബരി എയർപോർട്ടിലേയ്ക്കുള്ള പ്രധാന പാത എന്നതുൾപ്പടെയുള്ള ഭാവി ആവശ്യങ്ങൾ കൂടി കണക്കിലെടുത്താണ് അടിയന്തരമായി പുതിയ പാലത്തിന് അനുമതി നേടിയെടുത്തിട്ടുള്ളത്. നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് പുതിയ പാലം യാഥാർത്ഥ്യമാക്കാൻ പരിശ്രമിക്കുമെന്നും എംഎൽഎ അറിയിച്ചു.