ചങ്ങനാശ്ശേരിയിൽ പട്ടാപ്പകൽ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം
ചങ്ങനാശേരി: യുവതിയെ പട്ടാപ്പകൽ വീടിനുള്ളിൽ അതിക്രമിച്ച് കടന്നു മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ ആയിരുന്നു സംഭവം. ഭർതൃമാതാവും പിതാവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണു പായിപ്പാട് സ്വദേശിനിയായ യുവതി ആക്രമണത്തിനിരയായത്.
ഭർത്താവു ജോലിക്കു പോയിരുന്നു. വീടിനു പിന്നിലുള്ള വർക് ഏരിയയിൽ വാഷിങ് മെഷീനിൽ വസ്ത്രം കഴുകുന്നതിനിടയിൽ കോളിങ് ബെൽ അടിക്കുന്നതു കേട്ടു മാതാപിതാക്കൾ ആയിരിക്കുമെന്നു കരുതി യുവതി വാതിൽ തുറന്നു. അപരിചിതനെക്കണ്ട് വാതിൽ അടച്ച് അകത്തേക്കു കയറിപ്പോയി.
വർക് ഏരിയയിൽ തിരികെയെത്തി തുണികൾ കഴുകുന്ന ജോലികൾ തുടർന്നെങ്കിലും പിൻവശത്തു കൂടി എത്തിയ അക്രമി യുവതിയുടെ മുഖം പൊത്തിപ്പിടിച്ചു. കുതറി മാറി അകത്തേക്ക് ഓടിക്കയറി വാതിലടയ്ക്കാൻ യുവതി ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ ഇയാൾ വാതിൽ തള്ളിത്തുറന്നു യുവതിയുടെ മുഖത്ത് ഇടിച്ചു. ഇവിടെ നിന്നു വീണ്ടും പുറത്തേക്ക് ഓടാൻ ശ്രമിച്ച യുവതിയെ അടിവയറ്റിൽ തൊഴിക്കുകയും തല ഭിത്തിയിൽ ഇടിക്കുകയും നെഞ്ചിൽ കൈ കൊണ്ടു കുത്തിപ്പരുക്കേൽപിക്കുകയും ചെയ്തുവെന്നു പോലീസ് പറഞ്ഞു. ഇതോടെ യുവതിയുടെ ബോധം നഷ്ടമായി.