സഹോദരിയുമായി വഴിവിട്ട ബന്ധം : വണ്ടൻമേട്ടിൽ സുഹൃത്തിനെ മദ്യത്തിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തി
ഇടുക്കി: വണ്ടൻമേട്ടിൽ യുവാവിനെ സുഹൃത്ത് മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത് ഒരു മാസത്തിലേറെ നീണ്ട പദ്ധതികൾക്ക് ശേഷം. അണക്കര നെറ്റിത്തൊഴു സത്യവിലാസം പവൻരാജിന്‍റെ മകൻ രാജ്കുമാർ (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്ത് മണിയൻപെട്ടി സ്വദേശി പ്രവീൻകുമാറിനെ (24) പൊലീസ് അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്ച്ച രാവിലെ രാജ്കുമാറിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ വണ്ടൻമേട് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത തോന്നിയ ലോക്കൽ പൊലീസ് വിവരം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി ആര്‍. കറുപ്പു സ്വാമിയുടെ നിര്‍ദേശ പ്രകാരം കട്ടപ്പന ഡി.വൈ.എസ്.പി വി.എ. നിഷാദ്‌മോന്‍റെ നേതൃത്വത്തില്‍ സ്പെഷ്യൽ അന്വേഷണ സംഘത്തെ നിയോഗിച്ചു.
സംഘം നടത്തിയ അന്വേഷണത്തിൽ തിങ്കളാഴ്ച്ച രാജ്കുമാറും പ്രതി പ്രവീണും ഒരുമിച്ചുണ്ടായിരുന്നതായി വിവരം ലഭിച്ചു. ഇവരുടെ സുഹൃത്തുക്കളിൽ നിന്നും വിവരം മനസിലാക്കിയ പൊലീസ് പ്രവീണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തതോടെയാണ് കൊലപാതകത്തിന്‍റെ ചുരുൾ അഴിയുന്നത്.
പ്രതി പ്രവീണിന്‍റെ സഹോദരിയും കൊല്ലപ്പെട്ട രാജ്കുമാറും തമ്മിൽ വഴിവിട്ട ബന്ധം നിലനിന്നിരുന്നു. ഇക്കാര്യം പ്രവീൺ കണ്ടെത്തിയതോടെ എങ്ങനെയും രാജ്കുമാറിനെ കൊലപ്പെടുത്താൻ പദ്ധതി ആലോചിച്ചു വരികയായിരുന്നു.
ഇതിനിടെയാണ്തി ങ്കളാഴ്ച്ച മണിയൻപെട്ടിയിലുള്ള ഗ്രൗണ്ടിൽ വച്ച് പ്രവീൺ രാജ്കുമാറിനെ കണ്ടത് . മദ്യപിക്കാൻ ഒപ്പം കൂട്ടിയ രാജ്കുമാറുമായി മദ്യവുമായി പ്രവീൺ തമിഴ്നാട് അതിർത്തിയിലെ വനത്തിലേക്ക് പോയി. വനത്തില്‍ ചെന്ന് മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. മദ്യലഹരിയിലായിരുന്ന രാജ്കുമാറിന് കൈയില്‍ കരുതിയ വിഷം കലര്‍ത്തിയ മദ്യം പ്രവീണ്‍ വായില്‍ ഒഴിച്ചു കൊടുക്കുകയായിരുന്നു.
മരണ വെപ്രാളത്തില്‍ വനത്തിലൂടെ പാതയിലൂടെ ഓടി വീട്ടിലേക്ക് വരാന്‍ ശ്രമിച്ച രാജ്കുമാറിനെ പ്രവീണ്‍ പിന്തുടര്‍ന്നെത്തി തടഞ്ഞു നിര്‍ത്തി. പാറപ്പുറത്ത് അവശനിലയില്‍ വീണ രാജ്കുമാറിന്‍റെ മരണം ഉറപ്പ് വരുത്തുന്നതു വരെ അവിടെ കാവല്‍ നിന്നതിനു ശേഷം തിരികെ വീട്ടില്‍ എത്തുകയായിരുന്നു.