നദി പുനർജനി പദ്ധതിയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തുടക്കമായി
നദി പുനർജനി പദ്ധതിയ്ക്ക് പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ തുടക്കമായി
ഈരാറ്റുപേട്ട : ഒരു മഴയിൽ പ്രളയ പാച്ചിലും ഒറ്റ വെയിലിൽ ഉറവ മാത്രവുമായി പോകുന്ന പൂഞ്ഞാറിലെ നദികളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടം ഒരു നാടിന്റെ മുഴുവൻ പങ്കാളിത്തത്തോടെ ഇന്ന് ഈരാററുപേട്ടയിൽ തുടക്കം കുറിച്ചു. ഇരുകരമുറ്റി ഒഴുകിയിരുന്ന ഈരാറിനെ (മീനച്ചിലാർ) പഴയ നിലയിലാക്കി പ്രളയമൊഴിവാക്കാൻ നടപ്പിലാക്കുന്ന മീനച്ചിലാർ പുനർജനി പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പത്തനംതിട്ട എംപി ആൻ്റോ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. സ്വച്ഛമായി ഒഴുകുവാൻ നദിക്ക് ഒരിടം (Room for River) എന്ന മുഖ്യമന്ത്രിയുടെ ആശയത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന നദി പുനരുജ്ജീവന പദ്ധതിയാണ് പൂഞ്ഞാറിലേത്. പ്രളയം തകർത്തെറിഞ്ഞ വഴികളിലെ പുഴയെ വീണ്ടെടുക്കുവാനും വീണ്ടും ഒരു മിന്നൽ പ്രളയത്തിൻറെ സാധ്യതകൾ ശാസ്ത്രീയമായി ഇല്ലാതാക്കുവാനും മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരപ്രദേശങ്ങളിൽ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റ നേതൃത്വത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ച് പ്രവത്തനങ്ങൾ നടന്നുവരികയാണ്. ഇതിൽ ആദ്യ സംരംഭമാണ് ഈരാറ്റുപേട്ടയിലെ ജനകീയ കൂട്ടായ്മ.
പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും നദിയിൽ വന്നടിഞ്ഞ മണ്ണ്, ചെളി , എക്കൽ, പാറക്കല്ല് എന്നിവ നീക്കം ചെയ്യുവാനും നദിയുടെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടിഞ്ഞുകൂടിയ മണ്ണും പാറകളും നീക്കം ചെയ്യാൻ ഇരു കരകളിൽ നിന്നും നദിയിലേക്ക് പ്രത്യേകം നിർമ്മിച്ച പാതകളിലൂടെ, മണ്ണുമാന്തി യന്ത്രങ്ങളും, ഹിറ്റാച്ചി ഉൾപ്പെടെയുള്ള മെഷീനുകളും കൂടി ഉപയോഗിച്ച് മുഴുവൻ ജനങ്ങളുടെയും സഹായത്തോടെ പഴയ നദിയെ വീണ്ടെടുക്കാനാണ് പദ്ധതി. വേനൽക്കാലത്ത് എത്താവുന്ന ഏറ്റവും താഴ്ന്ന ജലനിരപ്പ് മുതൽ നദിയിലൂടെ വർഷകാലത്ത് ഒഴുകി എത്താവുന്ന പരമാവധി ജലപ്രവാഹത്തിന്റെ വരെ കണക്കെടുത്ത ശേഷമാണ് മീനച്ചിലാർ പുനർജനി പദ്ധതി നടപ്പിലാക്കുന്നത്.
ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ എന്ന ആശയവുമായി ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ മീനച്ചിലാറിനെ മൂന്ന് സോണുകളായി തിരിച്ച് നടത്തുന്ന പുനരുജ്ജീവനപദ്ധതിയിൽ പങ്കെടുക്കുന്നതിനായി ആയിരത്തോളം സന്നദ്ധപ്രവർത്തകരാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. നഗരസഭയുടെ കിഴക്കൻ അതിർത്തിയായ കാരക്കാട് ഭാഗം മുതൽ അൽ മനാർ സ്കൂൾ വരെ കാരക്കാട്, ഈലക്കയം, അൽമനാർ എന്നിങ്ങനെ മൂന്ന് സോണുകളായി മാലിന്യരഹിത പൂഞ്ഞാർ പദ്ധതിയിൽപ്പെടുത്തി നടപ്പിലാക്കുന്ന ശുചീകരണ പ്രവർത്തികൾക്കു ശേഷം, നദിയുടെ തടപ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ളവ തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെ നഗരസഭാ അധികൃതർ കർശന നിരീക്ഷണം ഏർപ്പെടുത്തും.
എംഎൽഎയ്ക്കും ഈരാറ്റുപേട്ട നഗരസഭയ്ക്കും ഒപ്പം സംസ്ഥാന ജലസേചന വകുപ്പ് , റവന്യൂ , തദ്ദേശസ്വയംഭരണ വകുപ്പുകൾ , ഹരിത കേരളം മിഷൻ എന്നിവയുടെ ഏകോപന ത്തിലൂടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, സന്നദ്ധ സേവന പ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ സംയുക്ത പ്രവർത്തനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ പദ്ധതിക്ക് ആവശ്യമായ ചെലവുകൾ നഗരസഭ വഹിക്കുകയും തുടർന്ന് വിവിധ സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഈ തുക തിരികെ ലഭ്യമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
മണിമലയാറിൽ പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ , മുണ്ടക്കയം എന്നിവിടങ്ങളിലും , എരുമേലിയിലും പുനർജനി പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. നദികൾക്ക് പുറമേ റോഡുകൾ, ചെക്ക് ഡാമുകൾ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിച്ച് മണ്ഡലത്തിൽ ഉടനീളം ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും, ഇനിയൊരു പ്രളയ സാധ്യത ഇല്ലാതാക്കാനുമാണ് ലക്ഷ്യമിടുന്നത്. കൂട്ടിക്കൽ പ്രദേശത്ത് ഉരുൾപൊട്ടലിൽ നദിയിൽ വന്ന പതിച്ച ഭീമൻ പാറക്കല്ലുകളും രൂപപ്പെട്ട മൺതിട്ടകളും നീക്കം ചെയ്യാൻ പ്രത്യേക പദ്ധതികളാണ് ആവശ്യമുള്ളത്. ഇതിനായി പ്രത്യേക പദ്ധതി ലോക ബാങ്കിന് സമർപ്പിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു. ജനപങ്കാളിത്തത്തോടെ സമയബന്ധിതമായി തന്നെ അവിടെയും പദ്ധതി നടപ്പിലാക്കും. ജില്ല
,ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ രൂപീകരിക്കുന്ന വിവിധ സമിതികളുടെ മേൽനോട്ടവും ദുരന്തനിവാരണ അതോറിറ്റിയുടെ മാർഗനിർദ്ദേശങ്ങളും പദ്ധതിയിൽ ഉടനീളം ഉറപ്പുവരുത്തുന്നുണ്ട്.
ഉദ്ഘാടന സമ്മേളനത്തിൽ ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴസൺ സുഹറ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്,നദീ സംരക്ഷണ സമിതി ജില്ലാ കോർഡിനേറ്റർ അഡ്വ. കെ. അനിൽ കുമാർ , മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചനീയർ മോളിക്കുട്ടി ഇമ്മാനുവൽ, ക്ലീൻ പൂഞ്ഞാർ ഗ്രീൻ പൂഞ്ഞാർ പദ്ധതി കോർഡിനേറ്റർ രമേശ് വെട്ടിമറ്റം,നഗരസഭാ കൗൺസിലർമാരായ അനസ് പാറയിൽ, നാസർ വെള്ളൂപറമ്പിൽ, അൻസാരി ഈലക്കയം,സജിർ ഇസ്മായിൽ, ഫാത്തിമ ഷാഹുൽ, സുനിൽ കുമാർ, റിസ്‌വാനാ സവാദ്,ഡോ സഫലാ ഫിർദൗസ് റിയാസ് പ്ലാമൂട്ടിൽ, പി എം അബ്ദുൾ ഖാദർ, സുഹാന ഫാത്തിമ, അൻസൽന പരികുട്ടി, സുനിത ഇസ്മായിൽ, ഷൈമ റസാക്ക്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.
സാജൻ കുന്നത്ത് തുടങ്ങിയവർ പ്രസംഗിച്ചു.