എരുമേലി തെക്ക് വില്ലേജിന് പുതിയ സ്മാർട്ട് ഓഫീസ് പണിയുവാൻ ഭരണാനുമതി ലഭിച്ചതായി എം എൽ എ
എരുമേലി തെക്ക് വില്ലേജിന് പുതിയ സ്മാർട്ട് ഓഫീസ് പണിയുവാൻ ഭരണാനുമതി ലഭിച്ചതായി എം എൽ എ
എരുമേലി : എരുമേലി തെക്ക് വില്ലേജ് ഓഫീസിൻ്റെ പുതിയ ഓഫീസ് നിർമ്മാണത്തിനായി 44 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. സ്മാർട്ട് വില്ലേജ് ഓഫീസ് ആയിട്ടാകും പുതിയ ഓഫീസ് നിർമാണം പൂർത്തീകരിക്കുക. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഭൂവിസ്തൃതി ഉള്ള വില്ലേജ് ആണ് എരുമേലി തെക്ക് വില്ലേജ്. വില്ലേജ് ഓഫീസ് നിലവിൽ എരുമേലി ബസ് സ്റ്റാൻഡിൽ ഉള്ള പഞ്ചായത്ത് വക ഷോപ്പിംഗ് കോംപ്ലക്സ് സമുച്ചയത്തിൻ്റെ രണ്ടാം നിലയിൽ വളരെ പരിമിതമായ സൗകര്യങ്ങളിൽ ആണ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസിൽ എത്തുന്ന ആളുകൾ വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. ഓഫീസ് ജീവനക്കാർക്കും സൗകര്യപ്രദമായി ജോലി ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല കാഞ്ഞിരപ്പള്ളി താലൂക്കിലെ തന്നെ ഏറ്റവും അസൗകര്യങ്ങൾ ഉള്ള ഓഫീസ് ആണ് എരുമേലി തെക്ക് വില്ലേജ് ഓഫീസ്. എരുമേലി ഗവൺമെൻ്റ് ഗസ്റ്റ് ഹൗസിനു സമീപത്തുള്ള 10 സെൻ്റ് സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പണികഴിപ്പിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പരമാവധി വേഗത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.