തിരഞ്ഞെടുപ്പ് കഴിയുന്നു/ അതോടൊപ്പം യുദ്ധവും ഇന്ധന വിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍
തിരഞ്ഞെടുപ്പ് കഴിയുന്നു/ അതോടൊപ്പം യുദ്ധവും ഇന്ധന വിലക്കയറ്റ ഭീതിയില്‍ ജനങ്ങള്‍
ഡൽഹി:
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നാളെ പൂര്‍ത്തിയാകുന്നതോടെ ഇന്ധനവില കുത്തനെ കുതിക്കാന്‍ സാധ്യത. റഷ്യ ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന്റെ വില റെക്കോര്‍ഡ് വേഗത്തില്‍ കുതിച്ചുയരുമ്പോഴും ഇന്ത്യയില്‍ ഇതുവരെ ഇന്ധന വില ഒരു പൈസ പോലും വര്‍ധിച്ചിട്ടില്ല.
ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില. റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് ബാരലിന് 95 ഡോളര്‍ വിലയായിരുന്ന ക്രൂഡോയില്‍ 125 ഡോളര്‍ വരെയായി ഉയര്‍ന്നു. ഏതാനും ദിവസങ്ങള്‍ കൊണ്ടാണ് വില കുതിച്ചുകയറിയത്. എന്നാല്‍ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വില വര്‍ധിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് മേല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണമുണ്ടായിരുന്നു.
അടുത്ത രണ്ട് ആഴ്ചകള്‍ കൊണ്ട് രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണക്കമ്പനികളെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ ചിലപ്പോള്‍ എക്സൈസ് തീരുവ വെട്ടിക്കുറച്ചേക്കാമെന്നും സൂചനയുണ്ട്.
ഇന്ധന വില വര്‍ധിക്കുന്നത് ഫലമായി രാജ്യത്ത് പൊതുവായ പണപ്പെരുപ്പം വര്‍ധിക്കാന്‍ ഇടയാക്കും. നിലവില്‍ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. ജനുവരിയില്‍ തന്നെ ഇന്ത്യയുടെ ചില്ലറവില പണപ്പെരുപ്പം റിസര്‍വ് ബാങ്ക് നിഷ്കര്‍ഷിച്ചിരുന്ന തോത് കടന്നിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടായാല്‍ ചില്ലറവില പണപ്പെരുപ്പവും 10 ബേസിസ് പോയിന്റ് ഉയരും.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഉല്പാദന രാജ്യമാണ് റഷ്യ. നിലവില്‍ ഉക്രെയ്നുമായിട്ടുള്ള പ്രശ്നത്തില്‍ റഷ്യയ്ക്ക് മേല്‍ ഉള്ള ഉപരോധം എണ്ണ ഉല്പാദനത്തെയും വിപണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ഉള്ള സാഹചര്യം തുടര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ ക്രൂഡോയിലിന്റെ വില 130 ഡോളര്‍ പിന്നിടുമെന്നാണ് ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്.