കോട്ടയം ടൗണിൽ സിനിമ കാണാനെത്തിയ പെൺകുട്ടികളെ കയറിപ്പിടിച്ച നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ
കോട്ടയം :കോട്ടയം നഗരമധ്യത്തിൽ സിനിമ കാണാനെത്തിയ സ്ത്രീകൾക്കു നേരെ സാമൂഹ്യ വിരുദ്ധന്റെ അതിക്രമം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം മൂന്നു പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് പിങ്ക് പൊലീസും, സ്‌പൈഡർ പെട്രോളിംങ് സംഘവും, കൺട്രോൾ റൂം പൊലീസ് സംഘവും ചേർന്ന് പിടികൂടി. ഇടുക്കി നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തീയറ്റർ റോഡിലൂടെ സിനിമ കാണുന്നതിനായി തീയറ്ററിലേയ്ക്കു പോകുകയായിരുന്നു പെൺകുട്ടികൾ. ഈ സമയം തീയറ്റർ റോഡിലൂടെ നടന്നെത്തിയ പ്രതി, പെൺകുട്ടികളോട് മോശമായി കമന്റ് ചെയ്യുകയും കടന്ന് പിടിക്കുകയുമായിരുന്നു.
ഇതേ തുടർന്ന്, പെൺകുട്ടികൾ ബഹളം വയ്ക്കുകയും ഈ സമയം ഇവിടെ റോഡിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി.
പെൺകുട്ടികൾക്കൊപ്പം നടന്ന പിങ്ക് പൊലീസ് സംഘം പ്രതിയായ യുവാവിനെ കണ്ടെത്തി. തുടർന്ന്, ഇയാളെ പിടികൂടി. സഹായത്തിനായി സ്‌പൈഡർ പെട്രോളിംങ് സംഘത്തെയും, പൊലീസ് കൺട്രോൾ റൂം സംഘത്തെയും വിളിച്ചു വരുത്തിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്.