കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം തിങ്കളാഴ്ച തുറന്നുകൊടുക്കും.
കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ പാലം തിങ്കളാഴ്ച തുറന്നുകൊടുക്കും.
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച് തകരാറിലായ കാഞ്ഞിരപ്പള്ളി – എരുമേലി സംസ്ഥാന പാതയിലെ ഇരുപത്തിയാറാം മൈൽ ജംങ്ഷനിലെ പാലം അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് തിങ്കളാഴ്ച രാവിലെ 9:30ന് പൂഞ്ഞാർ എംഎൽഎ യുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി എംഎൽഎയും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ ജയരാജ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നു. ചടങ്ങിൽ പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ് പ്രസിഡന്റ് അഡ്വ. സാജൻ കുന്നത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷക്കീല നസീർ, ടി.ജെ. മോഹനൻ, പാറത്തോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹൻ, പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ സിയാദ് കട്ടുപ്പാറ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. പി. എ. ഷമീർ തുടങ്ങിയവർ പങ്കെടുക്കും. പ്രളയത്തിൽ പാലം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ചെറുവാഹനങ്ങൾക്ക് മാത്രമായിരുന്നു ഇതുവഴി ഗതാഗതം അനുവദിച്ചിരുന്നത്. തന്മൂലം ബസ് യാത്രക്കാരും ചരക്ക് വണ്ടികളും വളരെയേറെ ദുരിതം അനുഭവിച്ചിരുന്നു. ശബരിമല തീർത്ഥാടനം കാലത്തും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പാലം പുനരുദ്ധരിക്കുന്നതിനു വേണ്ടി അടിയന്തരമായി 19.60 ലക്ഷം രൂപ അനുവദിച്ച് യുദ്ധകാലടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നിർമ്മാണം നടത്തുകയായിരുന്നു. പുതിയ പാലം നിർമ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ടും രണ്ടേമുക്കാൽ കോടി രൂപ അടങ്കൽ തുകയുള്ള എസ്റ്റിമേറ്റും സമർപ്പിച്ചിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. സമീപഭാവിയിൽ തന്നെ പുതിയ പാലം നിർമ്മിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.