കരിമീൻ മപ്പാസും താറാവു കറിയും ഉൾപ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണം കഴിച്ച ശേഷം പണം കൊടുക്കാതെ കടന്നു കളഞ്ഞ സംഘത്തെ പിടികൂടി

കുമരകം: കള്ളുഷാപ്പിൽ കയറി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ കാറിൽ കടന്നു കളഞ്ഞ 2 പേരെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. തിരുവനന്തപുരം സ്വദേശികളാണു പിടിയിലായത്. കുമരകം കണ്ണാടിച്ചാലിനു സമീപത്തെ ഷാപ്പിലാണു സംഭവം. ഭക്ഷണം കഴിക്കാനായി കാറിൽ രണ്ട് പേർ ഷാപ്പിലെത്തി. ഇവിടത്തെ പ്രത്യേക മുറിയിൽ ഇരുന്നു കരിമീൻ മപ്പാസും താറാവു കറിയും ഉൾപ്പെടെ ആയിരത്തിലേറെ രൂപയുടെ ഭക്ഷണം കഴിച്ചു. കാർ ഓടിച്ചിരുന്ന ആൾ ആദ്യം കൈ കഴുകി കാറിലിരുന്നു. ഷാപ്പിലെ ജീവനക്കാരൻ ബില്ലെടുക്കാൻ പോയ സമയം നോക്കി രണ്ടാമത്തെ ആളും കൈ കഴുകി കാറിൽ കയറി. ജീവനക്കാരൻ ബില്ലുമായി വന്നപ്പോൾ ഇവർ കാറിൽ കയറി വേഗത്തിൽ പോകുന്നതാണ് കാണുന്നത്

ഇതേത്തുടർന്ന് ജീവനക്കാർ ബൈക്കിൽ പിന്നാലെ വിട്ടു. ഇല്ലിക്കൽ ഷാപ്പിലെ ജീവനക്കാരെയും പരിചയക്കാരെയും ഫോണിൽ വിളിച്ചു വിവരം പറയുകയും ചെയ്തു. കാർ ഇല്ലിക്കൽ എത്തിയപ്പോഴേക്കും നാട്ടുകാർ തടഞ്ഞു. ഷാപ്പിലെ ജീവനക്കാരെത്തി പണം ചോദിച്ചെങ്കിലും പണം നൽകാൻ തയാറായില്ല. പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഇരുവരെയും സ്റ്റേഷനിലേക്കു കൊണ്ടു പോയി. പിന്നീട് ഗൂഗിൾ പേ വഴി പണം ഷാപ്പ് ഉടമയ്ക്കു നൽകി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page