ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.
കാക്കനാട്: മലപ്പുറം സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. കാക്കനാട്ടെ എൻജിഒ ക്വാർട്ടേഴ്‌സിനു സമീപം പാലച്ചുവട് എംഐആർ ഫ്‌ളാറ്റിൽ താമസിക്കുന്ന ഷിജിമോളെ (34) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് ഷിജി. ബിസിനസുകാരനെ കെണിയിൽപ്പെടുത്തിയ ഷിജി കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലാണ് 38 ലക്ഷം രൂപ തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാൾ പരാതിയുമായി എത്തിയത്.
സുഹൃത്തു വഴിയാണ് ഈ ബിസിനസുകാരൻ ഷിജിയെ പരിചയപ്പെട്ടത്. ഷിജി ക്ഷണിച്ചത് അനുസരിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ ഫ്‌ളാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരി ചേർത്തു മയക്കിക്കിടത്തി നഗ്‌ന ചിത്രങ്ങളും വീഡിയോകളും എടുത്തു കെണിയിൽപെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നപ്പോഴാണ് ബിസിനസുകാരൻ പൊലീസിനെ സമീപിച്ചത്.