വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി; വെന്റിലേറ്ററില്‍ തുടരും
കോട്ടയം: മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലേക്കെത്തി. തലച്ചോറിന്റെ പ്രവർത്തനത്തിലും നേരിയ പുരോഗതിയുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് സുരേഷ്.
തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയിലെത്തിക്കുമ്പോൾ വാവ സുരേഷ് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയത്തിന്റെ പ്രവർത്തനം ഇരുപത് ശതമാനം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം നില മെച്ചപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ വാവ സുരേഷ് മരുന്നുകളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ ചൊവ്വാഴ്ച പുലർച്ചെ 2.15 ഓടെ സ്വയം ശ്വസിച്ചു തുടങ്ങി. മരുന്നുകൾ ശരീരത്തിൽ പ്രവർത്തിച്ചതിന്റെ ലക്ഷണമാണിതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പാമ്പിൻവിഷം ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസ്സിലാകാൻ 48 മണിക്കൂർ വേണം. അതുവരെ വെന്റിലേറ്റർ സഹായത്തിൽ തുടരും. കുറിച്ചിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞു വന്ന് സുരേഷിന്റെ വലതുതുടയിൽ കടിക്കുകയായിരുന്നു.