കേരള കോൺഗ്രസ് (എം) ൽ ശക്തമായ ഭിന്നതയെന്നും ഇരുവിഭാഗമായെന്നും സോഷ്യൽ മീഡിയ.
കോട്ടയം:ജോസ് കെ മാണി നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് എമ്മിൽ ശക്തമായ അഭിപ്രായ ഭിന്നതയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം. ചീഫ് വിപ്പ് എൻ ജയരാജും മന്ത്രി റോഷി അഗസ്റ്റിനും ഒരു ചേരിയിലും ചങ്ങനാശ്ശേരി എംഎൽഎ അഡ്വ മൈക്കിളും പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കലും റാന്നി എംഎൽഎ പ്രമോദ് നാരായണനും ജോസ് കെ മാണിയോടൊപ്പം മറു ചേരിയിലും ആണെന്നാണ് പ്രചരണം. മന്ത്രിയായി കഴിഞ് പാലാ നിയോജക മണ്ഡലത്തിൽ റോഷി അഗസ്റ്റിന് കാര്യമായ സ്വീകരണം പോലും നൽകിയില്ലെന്നും തന്റെ ഭാവിക്ക് വേണ്ടി റോഷി അഗസ്റ്റിൻ പാലായിലെ വിജയത്തിനായി പിന്തുണ നൽകിയില്ലെന്നും പ്രവർത്തകർക്കിടയിൽ സംസാരമുണ്ട്. പാലായിൽ മത്സരിച്ച് തോറ്റ ജോസ് ടോമിന് കോർപ്പറേഷൻ വീതം വെപ്പിൽ മോശം കോർപ്പറേഷനാണ് നൽകിയതെന്നും ഇത് റോഷിയുമായി അടുപ്പമുള്ളതു കൊണ്ടാണെന്നും എതിരാളികൾ പറഞ്ഞു പരത്തുന്നു. കെഎം മാണി മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ച വീടും മൂന്നാം നമ്പറും സ്വന്തമാക്കുക വഴി കെഎം മാണിയുടെ പിൻഗാമി താനാണെന്ന സന്ദേശമാണ് റോഷി അഗസ്റ്റിൻ നൽകുന്നതെന്നും മന്ത്രിയെ എതിർക്കുന്നവർ പറഞ്ഞു പരത്തുന്നുണ്ട്. പാർട്ടിയുടെ മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പോസ്റ്ററിൽ നിന്നും മന്ത്രിയുടെ പടം ഒഴിവാക്കിയതിലും ഒരു വിഭാഗത്തിന് അമർഷം ഉണ്ട്. പാലായിലെ പാർട്ടി യോഗങ്ങളിൽ മന്ത്രിയെ പങ്കെടുപ്പിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇതിനുപകരമായി സ്വന്തം നിലയിൽ പാലായിൽ സജീവമാകാൻ റോഷിയും ശ്രമിക്കുന്നുണ്ടെന്നുമാണ് പ്രചരണം.
അതേസമയം പാർട്ടിക്കെതിരെയും പാർട്ടി നേതാക്കൾക്ക് വരെ നടക്കുന്ന അപവാദ പ്രചരണങ്ങൾ ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം അറിയിച്ചു