വശ്യമനോഹരിയാം ഇടുക്കിയെന്ന മിടുക്കിക്ക്ഇ ന്ന് അൻപതാം പിറന്നാൾ

 

ഇടുക്കി :രാജ്യം 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ ഇടുക്കി ജില്ലയ്ക്ക് (ജനു.26) അന്‍പതാം പിറന്നാള്‍.

ജില്ല രൂപീകൃതമായിട്ട് അന്‍പതാണ്ട് തികയുന്ന വേളയില്‍ യുവത്വത്തിന്റെ സൗന്ദര്യത്തിലും ചുറുചുറുക്കിലുമാണ് ഇടുക്കി.

1972 ജനുവരി 24 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് 1972 ജനു. 26 ന് ഇടുക്കി ജില്ല നിലവില്‍ വന്നു.

ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സുദിനത്തിലാണ് നമ്മുടെ മലയോര ജില്ലയുടെ ജന്മദിനം എന്നതു തികച്ചും യാദൃച്ഛികമായി.

മലയിടുക്ക് എന്നര്‍ത്ഥമുള്ള ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഈ ജില്ലയ്ക്ക് വന്നത്.

രൂപീകൃത കാലഘട്ടത്തില്‍ ‘ഇടിക്കി’ (Idikki ) എന്ന് ഔദ്യോഗിക രേഖകളില്‍ രേഖപ്പെടുത്തിയിരുന്നത് തിരുത്തി ‘ഇടുക്കി ‘ (Idukki ) എന്നാക്കി മാറ്റി റവന്യു വകുപ്പിന്റെ ഉത്തരവ് ഇറങ്ങിയത് 1973 ജനു. 11നാണ്.

മുന്‍പ് കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന ഉടുമ്പന്‍ചോല, പീരുമേട് താലൂക്കുകളും എറണാകുളം ജില്ലയുടെ ഭാഗമായിരുന്ന തൊടുപുഴ താലൂക്കും ദേവികുളം താലൂക്കും ചേര്‍ന്ന് ഇടുക്കി ജില്ല രൂപം കൊണ്ടു.
1982ല്‍ വടക്ക് പമ്പാവാലി ഭാഗങ്ങളും പീരുമേട് താലൂക്കിലെ മ്ലാപ്പാറ വില്ലേജിലെ ശബരിമല സന്നിധാനവും ചുറ്റുമുള്ള ഭാഗങ്ങളും പത്തനംതിട്ട ജില്ലയിലേയ്ക്ക് മാറ്റപ്പെട്ടു. 4358 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഇടുക്കി കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ്. ഇടുക്കി, ദേവികുളം എന്നീ രണ്ട് റവന്യു ഡിവിഷനുകളും ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, തൊടുപുഴ പീരുമേട് എന്നീ 5 താലൂക്കുകളും 67 വില്ലേജുകളും ഇപ്പോള്‍ ജില്ലയില്‍ ഭരണനിര്‍വ്വഹണത്തിലുണ്ട്.. ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷിക വേളയില്‍ അധികാര വികേന്ദ്രീകരണത്തിന്റെ എല്ലാ ഗുണാനുഭവങ്ങളുമുള്ള ജില്ലയില്‍ എട്ട് ബ്ലോക്കു പഞ്ചായത്തുകളിലായി ഇന്ത്യയിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി ഉള്‍പ്പെടെ 52 ഗ്രാമ പഞ്ചായത്തുകളും തൊടുപുഴ, കട്ടപ്പന എന്നീ രണ്ട് നഗരസഭകളും ഉണ്ട്. ജില്ല രൂപീകൃതമായപ്പോള്‍ ആസ്ഥാനം കോട്ടയമായിരുന്നുവെങ്കിലും പിന്നീട് കുയിലിമലയിലേയ്ക്ക് മാറ്റപ്പെട്ടു. തുടക്കത്തില്‍ വിരലിലെണ്ണാവുന്ന ആഫീസുകളാണ് ജില്ലാ ആസ്ഥാനത്തു ഉണ്ടായിരുന്നതെങ്കില്‍ ഇന്നിപ്പോള്‍ 25 ലധികം സര്‍ക്കാര്‍ ആഫീസുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. 2011 ലെ സെന്‍സസ് പ്രകാരം ഇടുക്കിയിലെ ജനസംഖ്യ 11,08,974 ആണ്. വന വിസ്തൃതി കൂടിയ ഇവിടെ ജനസാന്ദ്രത 254 ആണ്. ജനസംഖ്യ വളര്‍ച്ചാ നിരക്ക് നെഗറ്റീവ് ആണെന്നതാണ് പ്രധാന പ്രത്യേകത ( 1.93).

1972 ജനുവരി 26 മുതല്‍ 1975 ആഗസ്റ്റ് 19 വരെ തുടര്‍ന്ന ആദ്യ കളക്ടറായ ഡോ.ഡി. ബാബുപോള്‍ മുതല്‍ 40 കളക്ടര്‍മാര്‍ ജില്ലയില്‍ സേവനമനുഷ്ഠിച്ചു. 40-ാമത്തെ കളക്ടറാണ് നിലവില്‍ തുടരുന്ന ഷീബാ ജോര്‍ജ്.

ഇടുക്കിയിലെ മൂടല്‍മഞ്ഞു പോലെ ജില്ലയുടെ ചരിത്ര പൈതൃകമെന്ത് എന്നതിന് ഇന്നും കൃത്യമായ പഠനരേഖകളില്ല. സംഘകാലകൃതികളിലെ ചില പരാമര്‍ശങ്ങള്‍ ഇടുക്കിയുടെ ചില പ്രദേശങ്ങള്‍ക്ക് തമിഴ് ബന്ധത്തിന് സൂചന നല്കുന്നുവെങ്കിലും കുടിയേറ്റ ജനതയുടെ ചരിത്രമാണ് ഇവിടെ കരുത്താര്‍ജ്ജിച്ചിട്ടുള്ളത്.

എ.ഡി 800 മുതല്‍ 1100 വരെ ഇടുക്കി വെമ്പൊലി നാടിന്റെ ഭാഗമായിരുന്നു. വടക്കുംകൂര്‍ എന്നും തെക്കുംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ നിലവില്‍ വന്നപ്പോള്‍ ഇടുക്കി മലകള്‍ ഈ രണ്ട് നാടുകള്‍ പകുത്തെടുത്തു. വടക്കുംകൂര്‍ രാജാവ് പെരുമ്പടപ്പ് സ്വരൂപത്തിന്റെ സാമന്തര രാജാവായിരുന്നുവെന്ന് കൊച്ചി രേഖകള്‍ പറയുന്നു. തൊടുപുഴ കാരിക്കോടിലേയ്ക്ക് വടക്കുംകൂര്‍ രാജാവ് തങ്ങളുടെ കേന്ദ്രം മാറ്റി. വടക്കുംകൂറിന്റെ മണ്ണില്‍ അഭയാര്‍ത്ഥിയായി എത്തിയ രാജകുടുംബാംഗമായ മാനവിക്രമ കുലശേഖരന്‍, തെക്കുംകൂറില്‍ നിന്നും ഇടുക്കി മലനിരകളും പൂഞ്ഞാര്‍ മേഖലയും വിലക്കു വാങ്ങി. ഇതോടെ പൂഞ്ഞാര്‍ രാജവംശം ഭരണാധികാരമാരംഭിച്ചെങ്കിലും മാര്‍ത്താണ്ഡവര്‍മ്മയുടെ ആക്രമണത്തില്‍ വടക്കുംകൂറും തെക്കുംകൂറും കട പിഴുകി. ബ്രിട്ടീഷുകാരുടെ വരവുവരെ ഇടുക്കി മണ്ണിന്റെ ഉടമകളുടെ ചരിത്രാവലി ഇങ്ങനെയാണ്. പൂഞ്ഞാര്‍ രാജാവില്‍ നിന്ന് 5000 രൂപയ്ക്ക് മണ്‍റോ സായിപ് മൂന്നാര്‍ മലകള്‍ പാട്ടത്തിന് വാങ്ങിയതോടെ കോളനിക്കാലം ആകുന്നുവെങ്കിലും ഇതെല്ലാം ഈ മണ്ണു ഭരിച്ചവരുടെ കഥകള്‍ മാത്രമാണ്. പഴംകഥകളുടെ ചരിത്രാവശേഷിപ്പുകളില്‍ ചിലത് ഇപ്പോഴുമുണ്ടെങ്കിലും ഇവിടെ ജീവിതം നട്ടു കരുപ്പിടിപ്പിച്ചവരുടെ ചിത്രം കുടിയേറ്റ കര്‍ഷകന്റെ തന്നെയാണ്.

കുടിയേറ്റത്തിന്റെയും അതീജീവനത്തിന്റെയും ഉയര്‍ത്തെണീപ്പിന്റെയും ചരിത്രമാണ് ഇടുക്കിയിലേത്. 1930തിലുണ്ടായ ആഗോള ഭക്ഷ്യക്ഷാമമാണ് ഇടുക്കിയിലേക്കുള്ള കര്‍ഷക കുടിയേറ്റത്തിന് കാരണമായത്. ഭക്ഷ്യക്ഷാമം കേരളത്തേയും പ്രതികൂലമായി ബാധിച്ചു. ഭക്ഷ്യവിഭവങ്ങള്‍ക്കായി കൃഷി വ്യാപകമാക്കാനും തരിശ് നിലങ്ങളിലും അതുവരെ കൃഷിക്ക് ഉപയുക്തമാക്കാത്തതുമായ പ്രദേശങ്ങളില്‍ കൃഷിയിറക്കാനും അന്നത്തെ ഭരണസംവിധാനം പ്രോത്സാഹന പദ്ധതികളാരംഭിച്ചു. ഇടുക്കിയിലെ വനഭൂമിയില്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ രേഖാമൂലം അനുവാദം നല്‍കുന്നത് ഈ കാലയളവിലായിരുന്നു. നെല്ലും ചോളവും തിനയും റാഗിയുമുള്‍പ്പെടെയുള്ള ഭക്ഷ്യ വിളകൃഷിയ്ക്കാണ് അന്ന് പ്രാധാന്യം നല്കിയിരുന്നത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം ഊര്‍ജ്ജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരവും 1954ല്‍ ഹൈറേഞ്ച് കോളനൈസേഷന്‍ പദ്ധതി പ്രകാരവും ആളുകള്‍ ജില്ലയിലേക്ക് കുടിയേറപ്പെട്ടു.

പ്രതികൂല കാലാവസ്ഥയും വന്യജീവി ശല്യവും വനപ്രദേശങ്ങളിലെ ദുസഹജീവിതവും കുടിയേറ്റ കര്‍ഷകന്റെ ദൈന്യംദിന ജീവിതം പ്രതിസന്ധിയിലാക്കി. ഏറുമാടത്തിലും ആലപ്പുരയിലുമായി താമസിച്ചും നെല്ലും കപ്പയും കാച്ചിലും ചേമ്പുമെല്ലാം നട്ടുവളര്‍ത്തി വിളവെടുത്തും കന്നുകാലി വളര്‍ത്തിയുമെല്ലാം അവര്‍ അതിജീവനത്തിനായി പടപൊരുതി.  തന്നാണ്ട് ഭക്ഷ്യ വിളകളാണ് കൂടുതലായി കൃഷി ചെയ്തിരുന്നതെങ്കില്‍ പിന്നീടിങ്ങോട്ട് കുരുമുളക്, ഏലം, തേയില, കാപ്പി, ജാതി, തെങ്ങ്, റബര്‍, തുടങ്ങിയ സുഗന്ധ, നാണ്യവിളകളുള്‍പ്പെടെയുള്ള സമ്മിശ്ര കൃഷിയാല്‍ സമൃദ്ധമാണ് ഇന്ന് ഇടുക്കി. സംസ്ഥാനത്ത് വെളുത്തുള്ളി കൃഷി ചെയ്യുന്ന ഏക ജില്ലയെന്ന ഖ്യാതിയും ഭൗമ സൂചികാ പദവി ലഭിച്ച മറയൂര്‍ ശര്‍ക്കരയും ഇടുക്കിയുടെ പ്രത്യേകതകളാണ്.

കാര്‍ഷിക മേഖലയ്ക്കൊപ്പം തന്നെ വിനോദ സഞ്ചാര മേഖലയിലും ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണ് ഇടുക്കി. ലോകത്തിലെ രണ്ടാമത്തെയും ഏഷ്യയിലെ ഏറ്റവും ഉയരമുള്ളതുമായ ഇടുക്കി ആര്‍ച്ച് ഡാം, തെക്കിന്റെ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍, അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ തേക്കടി, കേരളത്തിന്റെ സ്വിറ്റ്സര്‍ലന്റായ വാഗമണ്‍, വംശനാശം നേരിടുന്ന വരയാടുകളുടെ സംരക്ഷിത കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം, കുറിഞ്ഞിമല കാനായി കുഞ്ഞിരാമന്റെ കരവിരുതില്‍ വിരിഞ്ഞ കുറവന്‍ കുറത്തി ശില്പവും കൂറ്റന്‍ മലമുഴക്കി വേഴാമ്പല്‍ വാച്ച്ടവറും, നിലയ്ക്കാതെ വീശുന്ന കാറ്റും തമിഴ്നാടിന്റെ ദൃശ്യഭംഗിയും ആസ്വദിക്കാവുന്ന രാമക്കല്‍മേട്, പാഞ്ചാലിമേട്, ആനയിറങ്കല്‍, മാട്ടുപ്പെട്ടി, തൂവല്‍, തൂവാനം, കുത്തുങ്കല്‍ വെള്ളച്ചാട്ടങ്ങള്‍, അരുവിക്കുഴി തുടങ്ങി ചെറുതും വലുതുമായ നിരവധി ടൂറിസം കേന്ദ്രങ്ങളാണ് ആഭ്യന്തര, വിദേശ സഞ്ചാരികള്‍ക്കായി പ്രകൃതി ഭംഗിയൊരുക്കി ഇടുക്കിയിലുള്ളത്. കേരളത്തില്‍
ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ജലവൈദ്യുത പദ്ധതികളുമുള്ള ജില്ല എന്ന പ്രത്യേകതയും ഇടുക്കിയ്ക്ക് സ്വന്തമാണ്.

വിനോദ സഞ്ചാരമുള്‍പ്പെടെ ജില്ലയുടെ സമസ്ത മേഖലയ്ക്കും വികസന കുതിപ്പേകുന്നതില്‍ ജില്ലയിലെ റോഡു ശൃംഖല പ്രധാന പങ്കുവഹിക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മധുര- മംഗളാദേവി – കോലാഹലമേട്-ഈരാറ്റുപേട്ട വഴി മുസിരിസ് തുറമുഖം, മധുര-മൂന്നാര്‍ – കോതമംഗലം വഴി മുസിരിസ് തുറമുഖം എന്നിങ്ങനെ നൂറ്റാണ്ടുകള്‍ക്കു മുന്‍പുള്ള രണ്ട് വാണിജ്യ പാതകളാണ് ജില്ലയിലൂടെ കടന്നു പോയിരുന്നത്. 18-ാം നൂറ്റാണ്ടോടെ ഈ മേഖലയില്‍ ആധുനിക ഗതാഗത സൗകര്യ വികസനത്തിന് തുടക്കമായി. 1863 കളിലാണ് കെ.കെ.റോഡെന്ന കോട്ടയം-കുമളി റോഡ് നിര്‍മ്മിക്കുന്നത്. പിന്നീടിങ്ങോട്ട് ഇടുക്കി ഡാം നിര്‍മ്മാണ ആവശ്യത്തിനും മറ്റുമായി മണ്‍ റോഡുകളടക്കം നിര്‍മിക്കപ്പെട്ടു. ഇന്നിപ്പോള്‍ ഉന്നത നിലവാരത്തിലുള്ള ദേശീയ പാതകളും സംസ്ഥാനപാതകളും ഗ്രാമീണ റോഡുകളുമടക്കം ഗതാഗതയോഗ്യമായ നിരവധി റോഡുകളാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത്. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും മികച്ച പുരോഗതിയാണ് ജില്ല കൈവരിച്ചത്. തൊടുപുഴ, കട്ടപ്പന എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 478 സ്‌കൂളുകള്‍ ജില്ലയില്‍ ഉണ്ട്. സംസ്ഥാനത്തെ ഏക സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളും ജില്ലയിലെ ഇരട്ടയാര്‍ പഞ്ചായത്തിലാണ്. സര്‍ക്കാര്‍, എയ്ഡഡ് ഉടമസ്ഥതയിലായി നിരവധി കോളേജുകളും ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ ആസ്ഥാനത്ത് പൂര്‍ണ്ണതയിലേയ്ക്ക് അടുക്കുന്ന മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, നാല് താലൂക്ക് ആശുപത്രികള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമടങ്ങുന്ന സര്‍ക്കാര്‍ ആതുരാലയങ്ങള്‍, ചെറുതും വലുതുമായ സ്വകാര്യ ആശുപത്രികള്‍, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍ എന്നിവയെല്ലാം ജില്ലയിലെ ജനങ്ങളുടെ ആരോഗ്യ രംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

പ്രകൃതി താണ്ടവമാടിയ 2018 ലും 2019 ലും ഉണ്ടായ അപ്രതീക്ഷിത പ്രളയവും ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരിയും ജില്ലയുടെ വികസന ചക്രം പിറകോട്ടു തിരിക്കാന്‍ പോന്നതെങ്കിലും  കാരിരുമ്പിന്റെ കരുത്തുള്ള കര്‍ഷക മനസിന്റെ അതിജീവന പോരാട്ടം ഇടുക്കിയുടെ കുതിപ്പിന് കോട്ടം തട്ടാതെ മുന്നോട്ടു നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page