മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ – പാറക്കടവ് റോഡിലെ വട്ടക്കുഴി ഭാഗം നവീകരിച്ചു
കാഞ്ഞിരപ്പള്ളി :മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന പേട്ട സ്കൂൾ – പാറക്കടവ് റോഡിലെ വട്ടക്കുഴി ഭാഗത്തിന് ശാപമോക്ഷം. ജനവാസമില്ലാത്ത ഇവിടെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരുന്നു.നിരവധി തവണ ശുചീകരിച്ചിട്ടും മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ എട്ടാം വാർഡ് അംഗം സുമി ഇസ്മായിൽ മുൻ കൈയെടുത്ത് പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും രണ്ട് ലക്ഷം അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയായിരുന്നു. നിലവിൽ മൂന്ന് മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് നാല് മീറ്റർ വീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ഭാഗമുൾപ്പെടെ നൂറ് മീറ്റർ നീളത്തിൽ മുഴുവനായി കോൺക്രീറ്റ് ചെയ്ത് സഞ്ചാര യോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. തങ്കപ്പൻ നിർവ്വഹിച്ചു. വാർഡംഗം സുമി ഇസ്മായിൽ അദ്ധ്യക്ഷയായി. മുൻ വാർഡംഗം എം.എ.റിബിൻ ഷാ, വാർഡ് വികസന സമിതി കൺവീനർ എം.എ.ശശീന്ദ്രൻ, അംഗങ്ങളായ ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ, അൻസാരി കരിപ്പായിൽ,ജെയ്സൽ പി.എസ്, അൻസാരി ആയപുരക്കൽ,നജീബ് കല്ലുങ്കൽ,ബിജു വാഴപ്പനാടി, സൈനുദീൻ പുത്തൻവീട്ടിൽ,സിനി ബിജു, കൊടുവന്താനം പള്ളി സെക്രട്ടറി ഇസ്മായിൽ ചെരിപുറം എന്നിവർ പങ്കെടുത്തു.തുടർന്ന് ഈ റോഡിന്റെ കൊടുവന്താനം പള്ളി മുതലുള്ള ഭാഗം മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്നും അനുവദിച്ച മുപ്പത് ലക്ഷം രൂപ വിനിയോഗിച്ച് വീതി കൂട്ടി ഒന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ ഉടനാരംഭിക്കുമെന്ന് എട്ടാം വാർഡംഗം സുമി ഇസ്മായിൽ അറിയിച്ചു.