ഇളംകാട് മ്ലാക്കരയിൽ പുതിയ പാലം നിർമ്മിക്കുന്നതിന് അറുപത് ലക്ഷം രൂപ അനുവദിച്ചു
മ്ലാക്കര പാലം പുനർനിർമാണത്തിന് 60 ലക്ഷം രൂപഅനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
മുണ്ടക്കയം : പ്രളയദുരന്തത്തിൽ ഒറ്റപ്പെട്ട ഏന്തയാർ- ഇളംകാട് ടോപ്പ് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ, മ്ലാക്കര പാലത്തിൻ്റെ പുനർ നിർമാണത്തിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഒരു മാസത്തിനക० നടപടി ക്രമങ്ങൾ പൂർത്തിയാക്കി പാലം നിർമ്മാണം ആരംഭിക്കും. പ്രതിദിനം മുപ്പതോളം ബസ് സർവീസുകൾ ഉണ്ടായിരുന്ന ഈ റൂട്ടിൽ പാലം തകർന്നതോടെ 250 ഓളം കുടുംബങ്ങൾക്ക് ബാഹ്യലോകവുമായി ബന്ധപ്പെടുവാൻ പറ്റാത്തവിധം ഒറ്റപെട്ട അവസ്ഥയിലായിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളിലേക്കുള്ള ഏക സഞ്ചാര മാർഗ്ഗവും മ്ലാക്കര തോടിന് കുറുകെയുള്ള മ്ലാക്കര പാലമായിരുന്നു. കൂടാതെ ചെറിയ പാലങ്ങളായ മൂപ്പൻ മല പാലവും, 39 പാലവും, തകർന്നിരുന്നു. ഇതിൻ്റെ നിർമാണത്തിനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. പാലം തകർന്നതോടെ സ്വന്തമായി വാഹനങ്ങൾ ഉള്ളവർക്കു പോലും അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇന്നും ജനങ്ങൾ കാൽനടയായി മ്ലാക്കര പാലം വരെ എത്തി അവിടെ നിന്നും വാഹനങ്ങളിൽ സഞ്ചരിച്ചാണ് വിവിധ സ്ഥലങ്ങളിലേയ്ക്ക് പോകുന്നത് . വിദ്യാർഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും തൊഴിലാളികളും ഈ സാഹചര്യത്തിൽ വളരെ ദുരിതത്തിലായിരിക്കുകയാണ്. കൂട്ടിക്കൽ ജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. ഈ പാലം പുനർനിർമ്മിക്കുന്നതോടെ ഗതാഗതം ഉൾപ്പെടെയുള്ള കാര്യങ്ങൾ പുനസ്ഥാപിക്കുമെന്നും. ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.