പി റ്റി തോമസിന് ആയിരങ്ങൾ യാത്രാമൊഴി ചൊല്ലി
കൊച്ചി: രാഷ്‌ട്രീയ കേരളത്തിന്റെ നിലപാടുകളുടെ രാജകുമാരൻ പി റ്റി തോമസിന് ആയിരങ്ങളുടെ യാത്രാമൊഴി.മുദ്രാവാക്യങ്ങളും അനശ്വര കവി വയലാർ രാമവർമയുടെ വിഖ്യാത വരികളും ആത്മാവിലേക്ക് ആവാഹിച്ച് പ്രിയങ്കരനായ പി.ടി. തോമസ് വിടവാങ്ങി, ഒരു ജനതയുടെ ആവേശഭരിതനായ പോരാളിക്കാണ് രാഷ്ട്രീയ കേരളം വിടചൊല്ലിയത്.പതിനായിരങ്ങളെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ ഭൗതിക ശരീരം രവിപുരം ശ്മശാനത്തിലൊരുക്കിയ ചിത ഏറ്റുവാങ്ങി.
നേരത്തേ നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് പി.ടിയുടെ മൃതദേഹം ചിതയിലേക്കെടുത്തത്. മൃതദേഹം കടന്നു വന്ന സ്ഥലങ്ങളിലെല്ലാം വൻജനാവലി കാത്തു നിന്നതിനാൽ എല്ലായിടത്തും വലിയ തിരക്കും കാലതാമസവുമുണ്ടായി. അന്തിമോപചാര ചടങ്ങുകൾ വെട്ടിച്ചുരുക്കിയാണ് പലയിടത്തും ജനക്കൂട്ടത്തെ നിയന്ത്രിച്ചത്.
വൈകുന്നേരം അഞ്ചരയോടെ മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെ കമ്യൂണിറ്റി ഹാളിലെത്തി പി.ടിക്ക് അന്തിമോപചാരമർപ്പിച്ചു. ഏതാനും നിമിഷങ്ങൾക്കു ശേഷം പൊതു ദർശനം അവസാനിപ്പിച്ചു അന്തിമ വിലാപ യാത്ര തുടങ്ങി. പൊലീസ് ഒരുക്കിയ ലാസ്റ്റ് സല്യൂട്ടിനു ശേഷം പ്രത്യേകമായി അലങ്കരിച്ച കെഎസ്ആർടിസി ബസിലാണ് മൃതദേഹം രവിപുരത്തെ ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എമപിമാർ, എംഎൽഎമാർ, പി.ടിയുടെ കുടുംബാംഗങ്ങൾ ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ഈ വാഹനത്തിലുണ്ടായിരുന്നു.
രവിപുരം ശ്മശാനത്തിലും ആയിരങ്ങൾ കാത്തു നിന്നു. സ്പീക്കർ എം.ബി രാജേഷ്, മന്ത്രിമാരായ പി. രാജീവ്, കെ. രാജു, റോഷി അഗസ്റ്റിൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. അന്ത്യകർമങ്ങൾക്കു മക്കളായ വിഷ്ണുവും വിവേകും മുന്നിട്ടു നിന്നു. മതപരമായ എല്ലാ ചടങ്ങുകളും ഒഴിവാക്കി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഒരിടത്തും പൂക്കളോ ഹാരങ്ങളോ, റീത്തുകളോ ആരും കരുതിയില്ല.
ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം എന്ന അനശ്വര ഗാനത്തിന്റെ അകമ്പടിയിലായിരുന്നു അവസാന യാത്ര.