മുണ്ടക്കയം കോരുത്തോട് റോഡ് പണി ഇഴയുന്നു. പൊടി ശല്യത്തിന് പരിഹാരം വേണമെന്ന് എസ്ഡിപിഐ
വണ്ടൻപതാൽ: മുണ്ടക്കയം കോരൂത്തോട് റോഡ് പണി ഇഴഞ്ഞ് നീങ്ങുന്നതിനാൽ പൊടി ശല്യം കൊണ്ട് വലഞ്ഞിരിക്കുകയാണ് പ്രദേശവാസികൾ. പൊടിശല്യം കാരണം നിരവധി പേർക്ക് ആരോഗ്യ പ്രശ്നങ്ങളും രൂക്ഷമായിട്ടുണ്ട്. ആയിരക്കണക്കിന് വാഹനങ്ങൾ ദിനേനെ സർവ്വീസ് നടത്തുന്ന ഈ റോഡിൽ പൊടിയും മെറ്റലും ചിതറിക്കിടന്ന് വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവായിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ഒക്കെ പരിഗണിച്ചു പണികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ ഭരണ തലത്തിൽ വേണമെന്ന് മാത്രമല്ല റോഡ് നിർമാണ പ്രവർത്തികൾക്കിടയിൽ പ്രദേശവാസികൾക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന നിലയിലുള്ള പൊടിപടലങ്ങൾ ഉയരാതിരിക്കാൻ റോഡ് നനച്ചു കൊടുക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും എസ്‌ഡിപിഐ വണ്ടൻപതാൽ ബ്രാഞ്ച് ഭാരവാഹികളായ തൗഫീഖ്, നവാസ് തോപ്പിൽ എന്നിവർ ആവശ്യപ്പെട്ടു. അധികൃതർ ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടില്ലെങ്കിൽ പ്രദേശവാസികളുടെ പങ്കാളിത്തത്തോടെയുള്ള വമ്പിച്ച ജനകീയ പ്രക്ഷോപം എസ്‌ഡിപിഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.(ഫോട്ടോ. കടപ്പാട് )