റോഡിൽ കുഴികുത്തി കാത്തിരുന്നു. ഒടുവിൽ മണ്ഡലകാലമായപ്പോൾ പണിയും തുടങ്ങി. കോരുത്തോട് യാത്ര കഠിനമെന്റയ്യപ്പാ…!
മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് വഴിയിൽ യാത്ര അധികഠിനം. മാസങ്ങളോളം റോഡ് കുത്തിപ്പൊളിച്ച ശേഷം ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ മണ്ഡലകാലം ആരംഭിച്ച ശേഷമാണ് റോഡ് പണി തുടങ്ങിയത്. ഇപ്പോൾ മെറ്റൽ വിരിക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത് കനത്ത പൊടിയും ഗതാഗതക്കുരുക്കും ചെറിയ ചെറിയ അപകടങ്ങളും കോരുത്തോട് റൂട്ടിൽ ശബരിമല തീർത്ഥാടകർകുൾപ്പടെ ദുരിതം തീർക്കുകയാണ്. സാധാരണഗതിയിൽ ഓട് നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് റോഡിന് ഉയരം കൂട്ടുന്നത് എന്നാൽ ഇവിടെ നിലവിലുള്ള റോഡിൽ നിന്നും നാലടി വരെ പൊക്കത്തിൽ മെറ്റൽ നിരത്തിയിട്ടുണ്ട്. ഇത് റോഡിന്റെ വശങ്ങളിൽ വലിയ കുഴി രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസം ചില വാഹനങ്ങൾ ഈ കുഴിയിൽ അപകടത്തിൽ പെട്ടിരുന്നു. ഇരുചക്രവാഹനങ്ങൾ മെറ്റലിൽ പൂണ്ടപോയ സാഹചര്യവും ഉണ്ടാകുന്നുണ്ട്. കനത്ത പൊടി മൂലം തൊട്ടടുത്തുള്ള വാഹനങ്ങൾ പോലും കാണാത്ത അവസ്ഥയാണ് പലപ്പോഴും.. സാധാരണ നിർമ്മാണ വേളകളിൽ പൊടി അകറ്റാൻ വെള്ളം തളിക്കുമെങ്കിലും ഇവിടെ അതും ചെയ്യുന്നില്ല. മുൻവർഷങ്ങളിൽ യാത്രചെയ്ത ഓർമ വെച്ചാണ് അന്യസംസ്ഥാന തീർത്ഥാടകർ ഈ വഴി തിരഞ്ഞെടുക്കുന്നത്. റോഡ് പണി മൂലം പലപ്പോഴും വലിയ ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്
എല്ലാ വർഷവും മണ്ഡലകാലം ഉണ്ടെന്നും തീർഥാടകർ ആശ്രയിക്കുന്ന വഴിയാണെന്ന് അറിഞ്ഞിട്ടും റോഡിന്റെ പുനർനിർമാണം ഇത്രയും വൈകിയത് എന്തിനാണ് എന്ന ചോദ്യമാണ് ഉയരുന്നത്. ശബരിമല ക്കുള്ള കാളകെട്ടി വഴിയുള്ള പരമ്പരാഗത പാത തുറക്കുന്ന സാഹചര്യമുണ്ടായാൽ ഇതിന്റെ ഇരട്ടി തിരക്കായിരിക്കും കോരുത്തോട് വഴിയിൽ അനുഭവപ്പെടുക