അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത പ്രളയം മേഖലയെ പതിറ്റാണ്ടുകള്‍ പിന്നിലേക്കെറിഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്ത പ്രളയം
മേഖലയെ പതിറ്റാണ്ടുകള്‍ പിന്നിലേക്കെറിഞ്ഞു.
മുണ്ടക്കയം: ഒക്ടോബര്‍ പതിനാറിനുണ്ടായ പ്രളയം സത്യത്തില്‍ മലയോരമേഖലയെ പതിറ്റാണ്ടുകള്‍ പിന്നിലേക്കെടുത്തെറിയുകയായിരുന്നു. വര്‍ഷങ്ങള്‍ കാത്തിരുന്നു ലഭിച്ച റോഡും സമരം ചെയ്ത് നേടിയ പാലങ്ങളുമെല്ലാം പ്രളയം കവര്‍ന്നെടുത്തു.
കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ടൗണിലെ പാലം ഉള്‍പ്പെടെ നാല് പ്രധാന പാലങ്ങളും ചെറിയ നടപ്പാലങ്ങള്‍ ഉള്‍പ്പെടെ പതിനേഴ് പാലങ്ങള്‍ പ്രളയം കവര്‍ന്നു. തടികളും കല്ലുകളും കൊണ്ട് താല്‍ക്കാലിക പാലം നിര്‍മിച്ചാണ് ഇപ്പോള്‍ ജനങ്ങളുടെ സഞ്ചാരം. ഏന്തയാര്‍ വേളാങ്കണ്ണി പള്ളിക്ക് സമീപമുള്ള മുണ്ടക്കയം ഇളംകാട് റോഡിലെ പാലം തകര്‍ച്ചയുടെ വക്കിലാണ്.

നാല്‍പത്തിരണ്ട് റോഡുകളാണ് കൂട്ടിക്കല്‍ പഞ്ചായത്ത് പരിധിയില്‍ തന്നെ തകര്‍ന്നത്. പതിമൂന്ന് കലുങ്കുകള്‍ ഇടിഞ്ഞു വീണു. വീടുകളോടു ചേര്‍ന്നുള്ള എമ്പത്തിനാല് ശൗചാലയങ്ങള്‍ വെള്ളം കവര്‍ന്നു. എഴുപത്തിയൊന്‍പത് വീടുകളില്‍ കുടിവെള്ളം മുടങ്ങി. ഇരുന്നൂറ്റമ്പത് വീടുകളില്‍ ഉപകരണങ്ങള്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ നൂറ്റിയറുപത്തിമൂന്ന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ഇല്ലാതെയായി. ഇരുപത്തിയഞ്ച് പൊതു കിണറുകളും കൂട്ടിക്കല്‍ പഞ്ചായത്ത് പരിധിയിലെ ഭൂരിഭാഗം കുടിവെള്ള പദ്ധതികളും തകര്‍ന്നു. ഏഴ് പൊതു കെട്ടിടങ്ങളും നശിച്ചതായാണ് ഇതുവരെയുള്ള കണക്കുകള്‍.
ആദ്യഘട്ടത്തില്‍ കൈമെയ് മറന്ന് രംഗത്തിറങ്ങിയ സന്നദ്ധ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങളൊന്നുകൊണ്ട് മാത്രമാണ്. ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയത്.ചെളികള്‍ നീക്കം ചെയ്തും പുഴകളും റോഡുകളും വ്ൃത്തിയാക്കിയും പാലങ്ങള്‍ കെട്ടിയും സ്തുത്യര്‍ഹമായ സേവനമാണ് മേഖലയില്‍ സന്നദ്ധസംഘടനകളും മതസംഘടനകളും നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page