മാരക ലഹരിമരുന്നുമായി പെരുവന്താനം സ്വദേശിയും വനിതാ സുഹൃത്തും അറസ്റ്റിൽ
കുമളി: മാരക ലഹരിമരുന്നായ എം.ഡി.എം.എ (മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ) യുമായി കുമളിയിൽ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തേക്കടിയിൽ സ്വകാര്യ റിസോർട്ട് ഏറ്റെടുത്തു നടത്തുന്ന പെരുവന്താനം മുറിഞ്ഞപുഴ ഇളംതുരുത്തിയിൽ വീട്ടിൽ ഷെഫിൻ മാത്യു (34) ഇയാളുടെ സുഹൃത്ത് തൃശൂർ കൊടുങ്ങല്ലൂർ പാത്തേശ്ശേരി വീട്ടിൽ സാന്ദ്ര (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും 290 മില്ലി ഗ്രാം എം.ഡി.എം.എ അധികൃതർ കണ്ടെടുത്തു. കുമളി ടൗണിലെ ഹൈറേഞ്ച് റസിഡൻസിയിൽ ബുധനാഴ്ച രാത്രിയാണ് ഇരുവരും താമസിക്കാനെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇവർ താമസിക്കുന്ന മുറിയിൽ എക്സൈസ് സംഘം എത്തി പരിശോധന നടത്തിയാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
പാരാമെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ സാന്ദ്ര ഇൻസ്റ്റാഗ്രാം വഴിയാണ് തേക്കടിയിൽ ചെറുകിട റിസോർട്ട് നടത്തുന്ന ഷെഫിനുമായി സൗഹൃദത്തിലായത്. ഗുജറാത്തിലുള്ള ബന്ധുവാണ് ലഹരിമരുന്ന് നൽകിയതെന്നാണ് സാന്ദ്ര എക്സൈസ് അധികൃതരോട് പറഞ്ഞത്. ഇത് ശരിയാണോയെന്ന കാര്യം അന്വേഷണത്തിലാണ്.
ബുധനാഴ്ച ഉച്ചയോടെ പരുന്തുംപാറയിൽ വെച്ച് ഇരുവരേയും സംശയം തോന്നി എക്സൈസ് അധികൃതർ ചോദ്യം ചെയ്തിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ പരിശോധിച്ചപ്പോൾ ലഹരിമരുന്നിൻ്റെ കുറച്ചു ഭാഗം ലഭിച്ചിരുന്നു. തുടർന്നാണ് ഇവരുടെ താമസസ്ഥലത്ത് എക്സൈസ് സംഘം എത്തിയത്.
തേക്കടിയിൽ ഷെഫിനും മറ്റൊരു സുഹൃത്തും ചേർന്ന് റിസോർട്ട് നടത്തുന്നതിനിടെ മറ്റൊരിടത്ത് ഇവർ മുറിയെടുത്തതും അധികൃതരിൽ സംശയത്തിനിടയാക്കിയിരുന്നു. വണ്ടിപ്പെരിയാർ എക്സൈസ് ഓഫീസിലെ അസി.ഇൻസ്പെക്ടർ ബിനീഷ് സുകുമാരൻ, പ്രിവൻ്റീവ് ഓഫീസർ.ഡി. സതീഷ് കുമാർ, രാജ് കുമാർ, ഉദ്യോഗസ്ഥരായ ദീപു കുമാർ, വരുൺ.എസ്.നായർ, സിന്ധു.കെ.തങ്കപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ ഇന്ന് പീരുമേട് കോടതിയിൽ ഹാജരാക്കും.