ആരാണ് പാറമടകൾ നടത്തി കൊഴുത്തു വീർത്തത് പി സി ജോർജിനെതിരെ രൂക്ഷമായ വിമർശനവുമായി സെബാസ്റ്റ്യൻ കുളത്തിങ്കൽ എം എൽ എ

മുണ്ടക്കയം: പിസി ജോർജ് എക്സ്എം എൽഎ പരോക്ഷമായി രൂക്ഷമായി വിമർശിച്ച് അഡ്വക്കേറ്റ് വാക്യങ്ങൾ തങ്ങൾ എംഎൽഎ യുടെ ഫേസ്ബുക്ക് പോസ്റ്റ്
👇👇👇👇

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ പ്രകൃതിദുരന്തം ആരാണ് ഉത്തരവാദി?

പൂഞ്ഞാറിലെ മുൻ എംഎൽഎ യുടെ ഒരു പ്രസ്താവന പത്രങ്ങളിൽ വായിക്കാനിടയായി. പൂഞ്ഞാറിലെ ഉരുൾപൊട്ടലിനും പ്രളയത്തിനും കാരണം സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും ആണ് എന്നായിരുന്നു ആ പ്രസ്താവനയുടെ ഉള്ളടക്കം. ആ പ്രസ്താവനയിലൂടെ കണ്ണോടിച്ചപ്പോൾ രണ്ട് മുഖങ്ങൾ മനസ്സിലേക്കോടിയെത്തി. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനും, എട്ടുകാലി മമ്മൂഞ്ഞും’
കയ്യോടെ പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോൾ മറ്റാരെയെങ്കിലും ചൂണ്ടി കള്ളൻ, കള്ളൻ എന്ന് വിളിച്ചു കൂവുന്ന പോക്കറ്റടിക്കാരനും എന്തിനും ഏതിനും അവകാശവാദം ഉന്നയിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം എട്ടുകാലി മമ്മൂഞ്ഞും.
കോട്ടങ്ങൾ മറ്റുള്ളവരിൽ ആരോപിക്കുകയും നേട്ടങ്ങൾ തന്റേതു മാത്രമാക്കി മാറ്റുകയും ചെയ്യുന്ന കഥാപാത്രമായി സ്വയം ചിത്രീകരിക്കുകയാണല്ലോ ഈ പ്രസ്താവനയിലൂടെ ചെയ്തിരിക്കുന്നത് എന്ന കൗതുകമാണുണ്ടായത്.
കോട്ടയം ജില്ലയിൽ ഏറ്റവുമധികം പാറമടകൾ ഉള്ളത് പൂഞ്ഞാറിലല്ലേ ? ആരാണ് കാലങ്ങളായി ഇവിടെ ജനപ്രതിനിധി ആയിരുന്നത്?
ഈ രണ്ടു ചോദ്യങ്ങൾ പൂഞ്ഞാർ നിയമസഭാ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയിൽ ഞാൻ ആരോടാണ് ചോദിക്കേണ്ടത്?
മൂന്നിലവിൽ സ്വന്തമായി പാറമട നടത്തിക്കൊണ്ടിരുന്നത് ആരാണ് എന്ന് എല്ലാവർക്കുമറിയാം. പലയിടത്തും ബിനാമി പേരുകളിൽ പാറ ഖനനം നടത്തുന്നതും, വർഷങ്ങളായി പരിസ്ഥിതി ദോഷകരമായ എല്ലാ അനധികൃത പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്തു കൊടുത്തു കൊണ്ടിരിക്കുന്നതും ആരാണെന്ന് പൂഞ്ഞാറിലെ ജനങ്ങൾക്ക് പകൽ പോലെ അറിയാം. മാധവ് ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടും മറ്റും ചർച്ച ചെയ്തിരുന്ന ഘട്ടത്തിൽ പരിസ്ഥിതിവാദികളെ ആകെ കൊഴിവെട്ടി അടിക്കണം എന്ന് പറഞ്ഞ് അസഭ്യം വിളിച്ചവരും ആരാണെന്ന് പൂഞ്ഞാർ ജനതയും, കൂട്ടിക്കൽക്കാരും ഒന്നും മറന്നിട്ടില്ല. മലമടക്കുകളിൽ ചുളുവിലയ്ക്ക് പാറക്കെട്ടുകൾ വാങ്ങി കൂട്ടിയിട്ട്, അധികാരവും സ്വാധീനവും ഉപയോഗിച്ച് ക്വാറികൾക്ക് ലൈസൻസ് ഉണ്ടാക്കിയിട്ട്, വലിയ വിലയ്ക്കു മറിച്ചു വിറ്റ് കോടികൾ ലാഭമുണ്ടാക്കുന്നത് പിതാവിന്റെ രക്ഷാകർതൃത്വത്തിൽ മകനാണ് എന്ന സത്യം അങ്ങാടിപ്പാട്ട് അല്ലേ? മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ പാപഭാരത്തിൽ നിന്ന് കൈകഴുകി മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ അല്ലയോ പ്രസ്താവനക്കാരാ നിങ്ങളെ എന്ത് പേര് വിളിക്കണം എന്ന് അറിയില്ല. ദുരന്തമുഖത്തും ജനങ്ങളെ ആശ്വസിപ്പിക്കാൻ ഓടിയെത്തുകയോ, സഹായങ്ങൾ എത്തിക്കുകയോ ചെയ്യുന്നതിന് പകരം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുമ്പോൾ അതിന് ചവറ്റുകുട്ടയിൽ ആണ് പൂഞ്ഞാർ ജനത സ്ഥാനം നൽകുന്നത് എന്നോർമിച്ചാൽ നന്ന്.
പൂഞ്ഞാറിൽ മുൻപ് നടന്ന പല വികസനങ്ങളും പാറമട ലോബികൾക്ക് വഴിവെട്ടി കൊടുക്കാനും, റിയൽഎസ്റ്റേറ്റ് മാഫിയായെ സഹായിക്കാനും ഒക്കെ ആയിരുന്നില്ലേ? പൂഞ്ഞാറിൽ ഏതെങ്കിലും വികസനത്തിൽ പരിസ്ഥിതി സംരക്ഷണം ഒരു ഘടകമായിരുന്നിട്ടുണ്ടോ? മുണ്ടക്കയം ബൈപാസ് നിർമ്മിച്ച അവസരത്തിൽ വേണ്ടപ്പെട്ട ചില ആളുകളുടെ സ്ഥലം സംരക്ഷിക്കാൻ വേണ്ടി മണിമലയാറ് കൈയേറി ബൈപാസ് നിർമ്മിച്ച് ആറിന്റെ വീതി പകുതിയായി കുറച്ചില്ലേ.. നിഷേധിക്കാമോ? അതാണ് ഈ പ്രളയത്തിൽ മുണ്ടക്കയം പുത്തൻചന്ത അടക്കം പ്രളയ ജലത്തിൽ മുങ്ങാനും, ടൗൺ ഭാഗത്ത് മുളങ്കയത്തെയും കല്ലേപാലം ഭാഗത്തെയും ആറ്റുപുറം പോക്കിൽ താമസിച്ചിരുന്ന 25 ഓളം വീടുകൾ പൂർണമായും ഒലിച്ചു പോകാനും, ആ പാവങ്ങളുടെയാകെ ജീവിത സാമ്പാദ്യങ്ങളും, സ്വപ്നങ്ങളും അറബിക്കടലിലാക്കാനും ഇടയായത് എന്നതല്ലേ സത്യം?
ഒരു നാടിനെയാകെ മുടിച്ചിട്ട് വേദാന്തം പറഞ്ഞാൽ അത് എന്നും ചിലവാകില്ല എന്നോർത്താൽ നന്ന്. കുറേപ്പേരെ കുറേക്കാലത്തേക്ക് കബളിപ്പിക്കാനായേക്കും, പക്ഷേ എല്ലാ കാലത്തേയ്‌ക്കും എല്ലാവരെയും കബളിപ്പിക്കാനാവില്ല എന്നത് കാലം കരുതി വയ്ക്കുന്ന സാമാന്യ നീതിയാണ്.
കേരളം മനസ്സിൽ പ്രതിഷ്ഠിക്കുന്ന ജനകീയനായ മുഖ്യമന്ത്രിയെ വിമർശിക്കാൻ പ്രസ്താവന കൊടുക്കുമ്പോഴും അന്യരെ പഴിക്കുമ്പോഴും ഒരുകാര്യം ചെയ്യണം..കാലം പൊയ്മുഖം വലിച്ചു കീറുമ്പോൾ കണ്ണാടിയിലെങ്കിലും ഒന്നു നോക്കുക … അവിടെ തെളിയുന്ന സ്വന്തം മുഖരൂപത്തിന് യൂദാസിന്റെയോ ചെന്നായയുടെയോ രൂപമുണ്ടോ എന്ന്!

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എം എൽ എ, പൂഞ്ഞാർ

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page