കാട്ടാനശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ

കാട്ടാനശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

മുണ്ടക്കയം : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിലെ വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇതിന്റെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തുകയും വനാതിർത്തി പൂർണമായും സോളാർ ഫെൻസിംഗ് സ്ഥാപിച്ചും കൂടാതെ കിടങ്ങുകൾ കുഴിച്ചും കാട്ടാനകൾ കൃഷി ഭൂമിയിൽ പ്രവേശിക്കുന്നത് തടയുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് യോഗം നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ സോളാർ ഫെൻസിങ്ങ് ഉള്ള സ്ഥലങ്ങളിൽ പ്രസ്തുത സൗര വേലികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാകും. കൂടാതെ രൂക്ഷമായ കാട്ടാനശല്യം ഉള്ള ഭാഗങ്ങളിൽ കിടങ്ങുകളും കുഴിക്കും. തുടർന്ന് സൗര വേലികൾ കൃത്യമായി പരിപാലിച്ച് എല്ലാ സമയവും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. ഇപ്രകാരം സൗര വേലികൾ സജ്ജമാക്കുന്നതിനും കിടങ്ങുകൾ കുഴിക്കുന്നതിനു വനം വകുപ്പ് ഫണ്ട്, എംഎൽഎ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ, തൊഴിലുറപ്പുപദ്ധതി എന്നീ മാർഗങ്ങൾ സ്വീകരിക്കും. ഇപ്രകാരം പൂർണ്ണമായും വനമേഖലയിൽ നിന്നും കാട്ടാനകളും, കാട്ടുപന്നി, കാട്ടുപോത്ത് തുടങ്ങി മറ്റു മൃഗങ്ങളും ജനവാസ മേഖലകളിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനാവശ്യമായ കൃത്യമായ കർമപരിപാടി തയ്യാറാക്കും. ഇതിന് വനം വകുപ്പിന്റെ കോട്ടയം ഡിവിഷനും പെരിയാർ ടൈഗർ റിസർവ് ബെസ്റ്റ് ഡിവിഷനും ചേർന്ന് സംയുക്തമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഈ മാസ്റ്റർ പ്ലാൻ കോർഡിനേറ്റ് ചെയ്യുന്നതിന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എൻ വി ജയകുമാറിനെ ചുമതലപ്പെടുത്തി. വനാതിർത്തിയിൽ വീടുകൾക്കും, സ്കൂളുകൾ ഉൾപ്പെടെ പൊതു കെട്ടിടങ്ങൾക്കും ഭീഷണി ഉയർത്തി നിൽക്കുന്ന മരങ്ങൾ നടപടിക്രമങ്ങൾ പാലിച്ച് മുറിച്ചു മാറ്റുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു. വനംവകുപ്പും പ്രദേശവാസികളും സംയുക്തമായി ജാഗ്രതാസമിതികൾ രൂപീകരിക്കുന്നതിനും നിശ്ചയിച്ചു. യോഗത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ ദാസ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ വിനോദ്, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, എരുമേലി ഫോറെസ്റ്റ് റേഞ്ച് ഓഫീസർ എൻ വി ജയകുമാർ, പെരിയാർ ടൈഗർ റിസർവ് വെസ്റ്റ്‌ ഡിവിഷൻ ഓഫീസർ ജ്യോതിഷ്, മറ്റ് വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page