എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ഏറ്റെടുക്കേണ്ട സ്ഥലം അളന്നു തിരിക്കുന്ന ജോലി മഴക്കെടുതിയില്‍ മന്ദഗതിയിലായി
കോട്ടയം: എരുമേലി ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് ഏറ്റെടുക്കേണ്ട സ്ഥലം അളന്നു തിരിക്കുന്ന ജോലി മഴക്കെടുതിയില്‍ മന്ദഗതിയിലായി. സര്‍വേ ജോലികള്‍ക്കായി അഞ്ച് താത്കാലിക സര്‍വേയര്‍മാരെ കഴിഞ്ഞയാഴ്ച നിയമിച്ചിരുന്നു. ഇവര്‍ എരുമേലി തെക്ക്, മണിമല വില്ലേജ് ഓഫീസുകളിലെ രേഖകളുടെ പരിശോധന ആരംഭിച്ച ഘട്ടത്തിലാണ് മഴക്കെടുതി. സര്‍വേ നമ്പര്‍, അതിര്, വിസ്തൃതി, തണ്ടപ്പേര് തുടങ്ങിയവയുടെ പരിശോധന അടുത്തയാഴ്ച പൂര്‍ത്തിയാകും. മഴ ശക്തമായാല്‍ ഫീല്‍ഡ് സര്‍വേ നടക്കില്ല. എയര്‍പോര്‍ട്ടിന് സ്ഥലം വിട്ടുകൊടുക്കാന്‍ നിര്‍ദേശം ലഭിച്ച ഏറെപ്പേരും രണ്ടു വര്‍ഷമായി തോട്ടങ്ങളില്‍ കൃഷി ചെയ്യാത്തതിനാല്‍ കാടും പുല്ലും വളര്‍ന്നു. മഴമൂലം ഉറവ വ്യാപകമായുണ്ട്. കാട്ടുപന്നിയും കുറുക്കനും ഉള്‍പ്പെടെ ക്ഷുദ്രജീവികള്‍ പെരുകിയ തോട്ടങ്ങളില്‍ ഫീല്‍ഡ് സര്‍വേ ക്ലേശകരമായ ജോലിയാണ്. കാടുവെട്ടിയശേഷം സര്‍വേ നടത്താന്‍ ഭാരിച്ച സാമ്പത്തിക ചെലവുണ്ടാകും. നാലു മാസത്തിനുള്ളില്‍ സര്‍വേ പൂര്ത്തിക്കാനായിരുന്നു റവന്യൂ വകുപ്പിന്റെ ആലോചനയെങ്കിലും മോശം കാലാവസ്ഥയില്‍ ജോലി നീളാനാണ് സാധ്യത. വേണ്ടിടത്തോളം താത്കാലിക സര്‍വേയര്‍മാരെ കിട്ടാനില്ലാതെ വന്നതും സര്‍വേ നീളാന്‍ ഇടയാക്കും. എരുമേലി തെക്ക്, മണിമല വില്ലേജുകളില്‍നിന്ന് 352 പേരുടെ 1039.876 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്.