പുനർ നിർമാണത്തിനായി പാലം പൊളിച്ചു; യാത്രാദുരിതത്തിൽ പ്രദേശവാസികൾ
പുനർ നിർമാണത്തിനായി പാലം പൊളിച്ചു; യാത്രാദുരിതത്തിൽ പ്രദേശവാസികൾ
കാഞ്ഞിരപ്പള്ളി: പുനർ നിർമാണത്തിനായി കോൺക്രീറ്റ് പാലം പൊളിച്ചുനീക്കിയതോടെ യാത്രാദുരിതം വർധിച്ചെന്ന് ആരോപിച്ച് മഞ്ഞപ്പള്ളി, എറികാട് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത്. പ്രതിഷേധം ശക്തമായതോടെ താത്കാലിക നടപ്പാലം ഉടൻ നിർമിക്കാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് അധി കൃതർ.
മഞ്ഞപ്പള്ളി-എറികാട് റോഡിന് കുറുകെയുള്ള പാലം പൊളിച്ചുനീക്കിയതോടെ തോടിന്റെ മറുകരയിലുള്ളവർ ചുറ്റിക്കറങ്ങേണ്ടുന്ന അവസ്ഥയിലാണ്. തന്പലക്കാട്, എറികാട് വഴി ഇവർക്ക് സഞ്ചരിക്കാൻ വഴിയുണ്ടെങ്കിലും കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ ബസിൽ വന്ന് ഇറങ്ങുന്നവരും സ്വന്തമായി വാഹനം ഇല്ലാത്തവരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. സ്കൂൾ തുറന്നാൽ പാലമില്ലാത്തതുമൂലം വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടും.
അപ്രതീക്ഷിതമായി മഴയെത്തിയതിനാലാണ് പുനർനിർമാണം വൈകിയതെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് അധികാരികൾ അറിയിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി ഉടൻ തന്നെ താത്കാലിക പാലം നിർമിച്ച് നൽകാമെന്ന് ഉദ്യോഗസ്ഥരിൽനിന്ന് ഉറപ്പ് ലഭിച്ചതായി പ്രദേശവാസികൾ പറഞ്ഞു. ജില്ല, ഗ്രാമ, പഞ്ചായത്തുകളുടെ സഹകരണത്തോടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻകൈയെടുത്താണ് മുൻ ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെ സ്മരണയ്ക്കായി ഇവിടെ പുതിയ പാലം നിർമിക്കുന്നത്. 30 ലക്ഷം രൂപയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.