പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനമായില്ല
കണമല: കേന്ദ്ര വനം വന്യജീവി ബോർഡ് യോഗം ചേർന്നെങ്കിലും പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങളെ പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതു സംബന്ധിച്ചു പ്രഖ്യാപനമായില്ല. നാടിന്റെ നിർണായക പ്രശ്നം ഒഴിയാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് പമ്പാവാലിക്കാർ. ദേശീയ വന്യ ജീവി ബോർഡ് യോഗം ചേർന്നു പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവാസങ്കേത പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനു പുനർ വിജ്ഞാപനം പുറപ്പെടുവിച്ചാലാണ് പതിറ്റാണ്ടുകളായി നേരിടുന്ന വലിയ പ്രശ്നം ഒഴിയുകയുള്ളൂ. കഴിഞ്ഞ ദിവസമാണ് ലോക വന്യജീവിദിനത്തോടനുബന്ധിച്ചു ദേശീയ വന്യജീവി ബോർഡിന്റെ യോഗം നടന്നത്. ഈ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുകയും ഈ വർഷം മേയ് മാസത്തിൽ നടക്കാനിരിക്കുന്ന ഏഷ്യാറ്റിക് സിംഹങ്ങളുടെ ജനസംഖ്യാ കണക്കെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതല്ലാതെ കേരളത്തിന്റെ വിഷയങ്ങൾ പരിഗണനയിൽ വന്നില്ല. പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ കഴിഞ്ഞ 46 വർഷമായി പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമാണ്. കടുവാ സംരക്ഷണത്തിനായി 1978-ൽ പെരിയാർ ടൈഗർ റിസർവ് രൂപീകരിച്ചപ്പോൾ പമ്പാവാലിയും എയ്ഞ്ചൽവാലിയും വനം വകുപ്പിലെ രേഖകളിൽ വനമേഖലയായി രേഖപ്പെടുത്തുകയുമായിരുന്നു. ഇതുമൂലമാണ് ബഫർസോൺ പരിധിയിൽ പ്രദേശങ്ങൾ ഉൾപ്പെട്ടത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നത്. ബഫർ സോണിൽനിന്നു പ്രദേശങ്ങളെ നീക്കണമെങ്കിൽ ആദ്യം പെരിയാർ കടുവാ സങ്കേത പരിധിയിൽനിന്ന് ഒഴിവാക്കണം. ഇക്കാര്യം ആവശ്യപ്പെട്ടു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യമന്ത്രിക്കു നിവേദനം നൽകിയതിന്റെ ഫലമായി പ്രദേശങ്ങളെ കടുവാ സങ്കേതത്തിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന വനം, വന്യ ജീവി ബോർഡ് തീരുമാനിച്ചതാണ്. എന്നാൽ, കേന്ദ്ര പോർട്ടലിൽ ഈ തീരുമാനം സംബന്ധിച്ച് രേഖകൾ അപ്ലോഡ് ചെയ്തതിൽ സാങ്കേതിക പിഴവുകൾ ഉണ്ടെന്നറിയിച്ച് കേന്ദ്രം ഇത് മടക്കി അയക്കുകയും തുടർന്ന് പിഴവുകൾ പരിഹരിച്ച് സംസ്ഥാന സർക്കാർ വീണ്ടും അപ്ലോഡ് ചെയ്തു നൽകുകയുമായിരുന്നു. ഇത് ദേശീയ വനം വന്യ ജീവി ബോർഡ് പരിഗണിക്കുകയും തീരുമാനം എടുക്കാൻ ഉൾപ്പെടത്തുകയും ചെയ്തെങ്കിലും യോഗത്തിൽ ഇക്കാര്യം പരിഗണിക്കാതെ മാറ്റി വയ്ക്കുകയായിരുന്നു.