കണയങ്കവയലിൽ പുലി എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു.
മുണ്ടക്കയം: പെരുവന്താനം മലയോരഗ്രാമവാസികള്‍ പുലിപ്പേടിയില്‍. കണയങ്കവയല്‍ കൊയിനാട്ടില്‍ വീടിന്‍റെ പരിസരത്ത് കഴിഞ്ഞ ദിവസം പുലി എത്തിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. സമീപത്തെ നിരവധി വീടുകളില്‍ വളര്‍ത്തുനായകളെ ഈയിടെ കാണാതെ വന്നിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടത്. കഴിഞ്ഞയാഴ്ച പരുത്തുംപാറയില്‍ കാര്‍ യാത്രക്കാര്‍ റോഡിനു നടുവില്‍ കടുവയെ കണ്ടിരുന്നു. യാത്രക്കാര്‍ ബഹളം വച്ചതോടെ കടുവ കാട്ടില്‍ മറഞ്ഞു. മുണ്ടക്കയം, പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളുടെ മലയോര ഗ്രാമങ്ങളില്‍ കാട്ടാനശല്യത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനിടെയാണ് കടുവയും പുലിയും ഭീഷണിയായിരിക്കുന്നത്. കുറുക്കനും കുറുനരിയും കാട്ടുപന്നിയും പെരുകിയതോടെ ടാപ്പിംഗ് തൊഴിലാളികള്‍ നേരം പുലര്‍ന്നശേഷമാണ് ടാപ്പിംഗിനു പോകുന്നത്.