ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എരുമേലിയിലെ ഭക്ഷണശാലകളിൽ പരിശോധന നടത്തി

എരുമേലി: ശബരിമല മണ്ഡല മകരവിളക്ക് സീസൺ ഭാഗമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എരുമേലി ടൗൺ, കൊരട്ടി, പേരൂർത്തോട്, കണമല, മുക്കൂട്ടുതറ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്ന് ഭക്ഷണശാലകൾ ശുചിത്വം പാലിക്കുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷണസാധനങ്ങൾ വിതരണവും കൈകാര്യവും ചെയ്യുന്ന 28 കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഹെൽത്ത് കാർഡ് മിക്ക തൊഴിലാളികൾക്കും ഇല്ലെന്ന് കണ്ടെത്തി. ഖര, ദ്രവ മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്നും കുടിവെള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് പ്രദർശിപ്പിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും അറിയിച്ചു. എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് ശർമ, നിഷമോൾ, സജിത്, ജിതിൻ, ആഷ്ന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page