സ്പെഷൽ സ്ക്വാഡ് പരിശോധന; 30 കടകളിൽ ക്രമക്കേട് കണ്ടെത്തി
സ്പെഷൽ സ്ക്വാഡ് പരിശോധന; 30 കടകളിൽ ക്രമക്കേട് കണ്ടെത്തി
കാഞ്ഞിരപ്പള്ളി: ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനായി ജില്ലാ കളക്ടർ രൂപീകരിച്ച സ്പെഷൽ സ്ക്വാഡ് കാഞ്ഞിരപ്പള്ളി താലൂക്കിൽ നടത്തിയ പരിശോധനയിൽ ഇതുവരെ ക്രമക്കേട് കണ്ടെത്തിയത് മുപ്പതോളം കടകളിൽ. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാറത്തോട്, പൊൻകുന്നം എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പൊതുവിപണികളിലാണ് പരിശോധന നടത്തിയത്. ഹോട്ടൽ, ബേക്കറി, പച്ചക്കറി, പലചരക്ക്, മത്സ്യ മാംസ വിപണന കേന്ദ്രങ്ങൾ ഉൾപ്പെടെ 150ൽപരം കടകളിൽ നടത്തിയ പരിശോധനയിൽ മുപ്പതോളം കടകളിൽ ക്രമക്കേട് കണ്ടെത്തി. വില വിവര പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, പഞ്ചായത്ത് ലൈസൻസ് എടുക്കാതിരിക്കുക, എഫ്എസ്എസ്എഐ ലൈസൻസ് ഇല്ലാതിരിക്കുക, അളവ് തൂക്ക ഉപകരണങ്ങൾ മുദ്രവയ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ക്രമക്കേടുകൾ കണ്ടെത്തിയ കടകൾക്കെതിരെനടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി താലൂക്ക് സപ്ലൈ ഓഫീസർ ജി. അഭിൽജിത് അറിയിച്ചു.
പരിശോധന സംഘത്തിൽ ഡപ്യൂട്ടി തഹസീൽദാർ ടി.ജി. ശ്രീലാൽ, ഫുഡ് സേഫ്റ്റി ഓഫീസർ തെരെസലിൻ, ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് ഫെബിൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സജിവ്കുമാർ, ടി. സയർ, രഞ്ജിത് എന്നിവരും ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും താലൂക്കിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.