കൊടുങ്ങൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിലെ ഗോപുരത്തിനോട് ചേർന്നുള്ള അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർഥി മുങ്ങിമരിച്ചു. പുളിക്കൽകവല നെടുമാവ് കണ്ണന്താനംവീട്ടിൽ ലിഞ്ചി-സുമി ദമ്പതികളുടെ മകൻ ലിറാൻ ലിഞ്ചോ ജോൺ (17) ആണ് മരിച്ചത്. വാഴൂർ എസ്.വി.ആർ.എൻ.എസ്.എസ്.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും കൊടുങ്ങൂരിലെ ജിമ്മിലെത്തി വ്യായാമത്തിന് ശേഷം സുഹൃത്തുക്കളുമൊത്ത് സമീപത്തെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ലിറാൻ. നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ വിവരമറിയിച്ചതോടെ പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും കോട്ടയത്തു നിന്നും സ്‌കൂബാ ടീമുമെത്തി നടത്തിയ തിരച്ചിലിൽ ആറരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽകോളേജ് മോർച്ചറിയിൽ. സഹോദരൻ: ലിറോൻ. സംസ്‌ക്കാരം പിന്നീട്.