ശബരിമല തീര്‍ത്ഥാടനം: എരുമേലി പഞ്ചായത്തില്‍ മുന്നൊരുക്ക യോഗം ചേര്‍ന്നു
തീരുമാനങ്ങളും നിർദ്ദേശങ്ങളുമായി എരുമേലി പഞ്ചായത്ത്
എരുമേലി : പാർക്കിംഗ് മൈതാനങ്ങളിലും മറ്റിടങ്ങളിലും ശബരിമത തീർത്ഥാടകർ നേരിടുന്ന ചൂഷണങ്ങളും ജലസ്രോതസുകളുടെ മലിനീകരണവും തടയാൻ എരുമേലി ഗ്രാമപ്പഞ്ചായത്ത്.
മണ്ഡലകാലം മുൻനിറുത്തി ഗ്രാമപ്പഞ്ചായത്ത് വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും യോഗത്തിൽ ഇതിനായുള്ള പ്രാഥമിക തീരുമാനങ്ങളുടേയും നിർദ്ദേശങ്ങളുടേയും രൂപരേഖയായി.ഗതാഗത ക്രമീകരണം, മാലിന്യ വിഷയം, സ്വകാര്യ പാർക്കിംഗ് മൈതാനങ്ങളിലെ നിരക്ക് തുടങ്ങിയ വിഷയങ്ങളിൽ വരുംദിവസങ്ങളിൽ പ്രത്യേക യോഗം ചേരാനും തീരുമാനമായി.യോഗത്തിന്റെ വിശദാംശങ്ങൾ സർക്കാരിനും ജില്ലാ കളക്ടർക്കും നൽകും.
ശബരിമല തീർഥാടകർ നാടിന്റെ അതിഥികളാണെന്നും കച്ചവടക്കാരും കരാറുകാരും തീർഥാടകരെ കൊള്ളയടിക്കാൻ അനുവദിക്കില്ലെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിജിമോൾ സജി പറഞ്ഞു.
ജനപ്രതിനിധികളായ ടി.എസ്.കൃഷ്ണകുമാർ, ഇ.ജെ.ബിനോയി ഇലവുങ്കൽ, നാസർ പനച്ചി, എസ്.മനോജ്, സി.പി.മാത്തൻ ചാലക്കുഴി, ഡോ. റെക്‌സൺ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിമോൻ കറുകത്ര, എം.എസ് സതീഷ്, എൻ.എസ്.പ്രസാദ്, രവീന്ദ്രൻ എരുമേലി തുടങ്ങിയ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെ തീരുമാനങ്ങളും നിർദേശങ്ങളും
പ്ലാസ്റ്റിക് നിരോധിക്കും.
കച്ചവടത്തിനായി മറ്റ്സംസ്ഥാനങ്ങളിൽനിന്നെത്തി വാടകയ്ക്ക് താമസിക്കുന്നവർ ശുചിത്വം പാലിച്ചില്ലെങ്കിൽ കെട്ടിട ഉടമയ്ക്കെതിരേ നടപടി.
ജലസ്രോതസുകളിലേക്ക് നേരിട്ടും ഓടകൾ വഴിയും മലിനജലവും മാലിന്യവും തള്ളുന്നവർക്കെതിരേ നടപടി.
രാസസിന്ദൂരം ഒഴിവാക്കി ജൈവസിന്ദൂരത്തിന്റെ സാധ്യതയ്ക്ക് പ്രാധാന്യം നൽകും.
ഗതാഗതപ്രശ്നം പരിഹരിക്കാൻ അനുയോജ്യമായ സമാന്തരപാതകളുടെ അറ്റകുറ്റപ്പണി.
വൈദ്യുതി അപകടം ഒഴിവാക്കൽ, എരുമേലി ദേവസ്വത്തിന് അനുവദിച്ചിട്ടുള്ള വൈദ്യുതി കണക്ഷനുകളിൽനിന്ന് കൃത്യമായ വയറിംഗ് സംവിധാനങ്ങളില്ലാതെ ഇതര ആവശ്യങ്ങൾക്കായി വൈദ്യുതിയെടുക്കുന്നത് ഒഴിവാക്കും.