കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്‌സ് നിർമാണം പുരോഗമിക്കുന്നു
കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍ ഒരു കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം കം മോര്‍ച്ചറി കോംപ്ലക്‌സിന്‍റെ നിർമാണം ഉടന്‍ പൂര്‍ത്തിയാകുമെന്നു ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അറിയിച്ചു. ഈ പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ആവശ്യപ്പെട്ട് നിവേദനം നല്‍കുകയും ആരോഗ്യവകുപ്പിന്‍റെ പ്ലാന്‍ ഫണ്ടില്‍നിന്ന് തുക അനുവദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണച്ചുമതല. ഹൈറേഞ്ച് മേഖലയിലടക്കമുള്ള ജനങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനും മോര്‍ച്ചറി സേവനങ്ങള്‍ക്കും കോട്ടയം മെഡിക്കല്‍ കോളജിനെ ആശ്രയിക്കുന്നത് ഇതോടെ ഒഴിവാക്കാനാകും. ഒരു മാസത്തിനുള്ളില്‍ നിർമാണം പൂര്‍ത്തിയാക്കി ആശുപത്രിക്ക് കൈമാറാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു. പോസ്റ്റ്മോർട്ടംമുറിക്ക് നൂറ്റാണ്ടിന്‍റെ പഴക്കം നിലവിൽ ജനറൽ ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിയിൽ ആവശ്യത്തിനു സ്ഥലസൗകര്യങ്ങളില്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള ആശുപത്രിയിലെ പോസ്റ്റ്മോർട്ടം മുറിക്കും അത്രത്തോളം പഴക്കമുണ്ട്. ഒരു സമയം ഒരു മൃതദേഹം മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യാൻ കഴിയൂ. ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയായതിനാൽ നേരിട്ട് സൂര്യപ്രകാശം പ്രവേശിക്കാൻ സൗകര്യമില്ലാത്ത ഇടുങ്ങിയ മുറിയിൽ വശങ്ങളിലെ ജനാലകളിൽകൂടി വേണം വെളിച്ചം ലഭിക്കാൻ. ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാതെ വരുന്പോൾ പിന്നിലെ വാതിൽ തുറന്നിട്ടാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. റോഡിൽനിന്നും ഉയർന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന പോസ്റ്റ്മോർട്ടം മുറിയിലേക്കു മൃതദേഹങ്ങൾ എടുത്തുകയറ്റുക ആയാസകരമാണ്. മുറിക്കുള്ളിൽ പോസ്റ്റ്മോർട്ടം ടേബിളിന് ചുറ്റുമുള്ള സ്ഥലം പരിമിതമാണ്.
നിലവിൽ ആശുപത്രിയിലെ മോർച്ചറിയിൽ നാലു മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ഇടയ്ക്ക് ഫ്രീസർ തകാറിലാകുന്ന സംഭവമുണ്ട്. ഈ സമയങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ മോർച്ചറികളിലാണു മൃതദേഹം സൂക്ഷിക്കുന്നത്. മോർച്ചറിയുടെ പ്രവർത്തനം നിലയ്ക്കുന്പോൾ ഇൻക്വസ്റ്റ് തയാറാക്കിയശേഷം സ്വകാര്യ ആശുപത്രികളിലേക്കു മാറ്റുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്കും മറ്റും കൊണ്ടുപോകുന്ന സ്ഥിതിയുമുണ്ടായിരുന്നു.