ജീവനക്കാരുടെ ഒഴിവുകള്‍ യഥാ സമയങ്ങളില്‍ നികത്താത്തത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു
മുണ്ടക്കയം: മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ഒഴിവുകള്‍ യഥാ സമയങ്ങളില്‍ നികത്താത്തത് ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.കുടുംബ ആരോഗ്യ കേന്ദ്രം എന്ന വിഭാഗത്തിലുള്ള
ആശുപത്രിയില്‍ ആകെ ഉള്ള ജീവനക്കാരുടെ എണ്ണം നാല്‍പ്പത്തിരണ്ടാണ്.എന്നാല്‍ കഴിഞ്ഞ ജൂണ്‍മാസം ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരം ഇതില്‍ ആറ് ഒഴിവുകള്‍ നാളുകളായി നികത്തിയിട്ടില്ല അസ്സി.സര്‍ജ്ജന്‍,ഫാര്‍മസിസ്റ്റ്,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശുപത്രി അസ്സിസ്റ്റന്റ് ഗ്രേഡ് 2,ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് എന്നീ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതില്‍ ഫാര്‍മസിസ്റ്റ് തസ്തിക ഉള്‍പ്പെടെയുള്ള കുറച്ച് നിയമനങ്ങള്‍ അതിന് ശേഷം നടന്നു. മാസങ്ങളോളം ഈ തസ്തികള്‍ ഒഴിഞ്ഞു കിടന്നത് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു.
നിലവിലെ ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള്‍ സംബന്ധിച്ച് പരസ്പര വിരുദ്ധമായ മറുപടികളാണ് അധികാരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.
വൈകിട്ട് ആറുമണി വരെയുള്ള ഒ പി യില്‍ ഉച്ചയ്ക്ക് ശേഷം മിക്കവാറും ജൂനിയര്‍ ഡോക്ടര്‍മാരാണ് ഉണ്ടാകാറുള്ളത് .ഇവരുടെ പരിചയക്കുറവ് മിക്കപ്പോഴും പ്രശ്‌നങ്ങള്‍ ആകാറുണ്ട്. കൈവിരലില്‍ വലിയ മുറിവുമായെത്തിയ വേലനിലം സ്വദേശിയായ വീട്ടമ്മയ്ക്ക് തുന്നല്‍ ഇടാതെ മരുന്ന് വെച്ച് ഡ്രസ്സ് ചെയ്തു വിട്ട സംഭവം ഉണ്ടായിരുന്നു.
ഹോസ്പിറ്റലില്‍ കൂടുതല്‍ സെക്യൂരിറ്റി സ്റ്റാഫുകളെ നിയമിക്കണമെന്നും ആവശ്യമുയരുന്നുണ്ട് എന്നാല്‍ പ്രതിഫലം ഹോസ്പിറ്റല്‍ മാനേജിംഗ് കമ്മറ്റി കണ്ടെത്തേണ്ടിവരുമെന്നതും വെല്ലുവിളിയാണ്.