ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം
കാഞ്ഞിരപ്പള്ളി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ച് ഫോണില്‍ വിളിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. പൊന്‍കുന്നം – എരുമേലി റോഡില്‍ മണക്കാട്ട് അമ്പലത്തിനു സമീപം തട്ടുകട നടത്തുന്ന ഇല്ലത്തുപറപ്പള്ളില്‍ ഇ.എസ്. സുനീഷിനാണ് ചൊവ്വാഴ്ച പണം ആവശ്യപ്പെട്ട് വിളിയെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍നിന്നുള്ള പ്രത്യേക സ്ക്വാഡിലുള്ളയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ വിളിച്ചത്. സുനീഷ് വീടിനു മുന്പില് നടത്തുന്ന തട്ടുകടയ്ക്ക് കുടിശികയിനത്തില്‍ 890 രൂപ അടയ്ക്കണമെന്ന് ഇയാൾ അറിയിച്ചു. കാഞ്ഞിരപ്പള്ളി ഓഫീസിലെത്തി പണം അടയ്ക്കാമെന്ന് അറിയിച്ചതോടെ ഗൂഗിള്‍ പേ വഴി പണം അടച്ചാല്‍ മതിയെന്നു പറയുകയായിരുന്നു. പണം അടച്ചതിന്റെ രേഖകള്‍ എങ്ങനെ ലഭിക്കുമെന്ന് സംശയം അറിയിച്ചതോടെ പണം ലഭിച്ചാലുടന്‍ പേപ്പര്‍ ശരിയാക്കി നല്‍കാമെന്ന് അറിയിച്ചു. എന്നാൽ, ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും പഞ്ചായത്തിന്റെയും ലൈസന്‍സുകള്‍ സുനീഷിന് ഉണ്ടായിരുന്നു. സംശയം തോന്നിയ സുനീഷ് കാഞ്ഞിരപ്പള്ളി ഭക്ഷ്യസുരക്ഷാ ഓഫീസിലെത്തി വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇത്തരത്തില്‍ നിരവധി കടക്കാര്‍ക്ക് ഫോൺ വിളിയെത്തിയതായി പറയപ്പെടുന്നു.