കോരുത്തോട് സികെഎം എച്ച്എസ്എസിൽ ‘ വോൾ ഓഫ് ലവ് ’; കുഞ്ഞുങ്ങൾക്ക് സ്നേഹസ്പർശം
കോരുത്തോട് സികെഎം എച്ച്എസ്എസിൽ ‘ വോൾ ഓഫ് ലവ് ’; കുഞ്ഞുങ്ങൾക്ക് സ്നേഹസ്പർശം ..
കോരുത്തോട് ∙ വസ്ത്രങ്ങളും പഠനോപകരണങ്ങളും ഇല്ലാതെ ഇനി കുഞ്ഞ് മനസ്സുകൾ വേദനിക്കരുത്. അതിനായി സികെഎം ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹം കൊണ്ടൊരു കൂടാരം ഒരുക്കിയിരിക്കുകയാണ്. ‘ വോൾ ഓഫ് ലവ് ’ എന്ന പേരിൽ ആരംഭിച്ച പദ്ധതിയിൽ ഒരു മുറിയിൽ സൂക്ഷിച്ചിരിക്കുന്ന വസ്ത്രങ്ങളും പഠന ഉപകരണങ്ങളും ആരും അറിയാതെ കുട്ടികൾക്ക് എടുക്കാൻ സാധിക്കും.
വസ്ത്രങ്ങൾ, ബാഗുകൾ, പേന, ബുക്കുകൾ, കുടകൾ തുടങ്ങിയവ അധ്യാപകർക്കും വിദ്യാർഥികൾക്കും ഇവിടെ കൊണ്ടുവന്നു വയ്ക്കാം. ആദിവാസി വിഭാഗത്തിലെയടക്കമുള്ള നിർധനരായ കുട്ടികൾക്ക് പദ്ധതി ഏറെ ഗുണം ചെയ്യും. ആരാണ് എടുക്കുന്നതെന്നോ ഉപയോഗിക്കുന്നതെന്നോ മറ്റുള്ളവർക്ക് അറിയാൻ കഴിയാത്ത വിധമാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.
കായികമേളയുടെ ഭാഗമായി നടന്ന യോഗം മാനേജർ എ.എൻ.സാബുവും ‘വോൾ ഓഫ് ലവ്’ പദ്ധതി പിടിഎ പ്രസിഡന്റ് കെ.എം.രാജേഷും ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിന്ദു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.ടിറ്റി, അധ്യാപകരായ എം.ആർ.പ്രവീൺ, സനൂപ് ശേഖർ, അക്ഷയ് രോഹിത് ഷാ, രശ്മി സോമരാജ്, അനു ബാലൻ, എസ്.ലയമോൾ, വി.ആർ.ഹരിത, വി.പി.സജിമോൻ, കെ.എസ്.സലി എന്നിവർ പ്രസംഗിച്ചു.